കുടുംബശ്രീ പദ്ധതികള്‍ താളം തെറ്റുന്നു

പത്തനംതിട്ട: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ പദ്ധതികള്‍ പലതും താളം തെറ്റുന്നു. വിവിധ പദ്ധതികള്‍ക്കായി അനുവദിക്കുന്ന കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. നിര്‍വഹണ ഏജന്‍സികളായി തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പദ്ധതികളുടെ ഗുണഭോക്താക്കളെന്ന സൂചനയാണ് റിപ്പോര്‍ട്ടില്‍.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2015 ആഗസ്റ്റില്‍ കോവളത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിന്‍െറ ധൂര്‍ത്തിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ തുക വകമാറ്റി ചെലവഴിച്ചു.
ഇതിന് സര്‍ക്കാറിന്‍െറ അംഗീകാരവും വാങ്ങിയിരുന്നില്ല. വിദേശത്ത് നിന്നടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശമുള്ള സമ്മേളനത്തിനായി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ 9.42 ലക്ഷം രൂപ ചെലവഴിച്ച് പരസ്യം നല്‍കിയത് നീതീകരിക്കാനാവില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടപ്പാടിയിലെ 11000 വനിതകള്‍ക്ക് കാര്‍ഷിക മേഖലയില്‍ പരിശീലനം നല്‍കാനും കൃഷിക്കാവശ്യമായ വിത്തു നല്‍കാനും ലക്ഷ്യമിട്ട 16.36 കോടിയുടെ മഹിള കിസാന്‍ ശാക്തീകരണ പരിയോജന (എം.കെ.എസ്.പി) ലക്ഷ്യം കണ്ടില്ല. 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാന സര്‍ക്കാറും എന്ന നിലയിലായിരുന്നു ഫണ്ട് നല്‍കേണ്ടത്. 2014-15 വര്‍ഷത്തില്‍ ആരംഭിച്ച് മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിയില്‍ ആകെ പരിശീലനം നല്‍കിയത് 2877 വനിതകള്‍ക്ക് മാത്രമാണ്.

2014 ആഗസ്റ്റ് 22ന് കേന്ദ്ര സര്‍ക്കാര്‍ 3.06 കോടി അനുവദിച്ചുവെങ്കിലും ഇതിന് ആനുപാതികമായ സംസ്ഥാന വിഹിതമായ 1.02 കോടി ലഭിച്ചില്ല. 2016 മാര്‍ച്ച് 31ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ 1.42 കോടി കൂടി അനുവദിച്ചു. അനുവദിച്ച ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാത്തതിനാല്‍ 9.21 കോടിയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടുത്തി.
കേന്ദ്ര സര്‍ക്കാറിന്‍െറ സംയോജിത ഭവന-ചേരി വികസന പദ്ധതിക്കായി (ഐ.എച്ച്.എസ്.ഡി.പി) ലഭിച്ച ഫണ്ട് നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയുടെ ബാങ്ക് അക്കൗണ്ടിലാണ്. 59.27 കോടിയുടെ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 80 ശതമാനം കേന്ദ്ര വിഹിതവും 10 ശതമാനം വീതം സംസ്ഥാന സര്‍ക്കാറിന്‍െറയും തദ്ദേശ സ്ഥാപനത്തിന്‍െറയും വിഹിതവുമാണ്. 45 നഗരസഭകളില്‍നിന്നായി 273.3 കോടിയുടെ 53 പ്രോജക്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
ലഭിച്ച 212 കോടിയില്‍ 191.099 കോടി നഗരസഭകള്‍ക്ക് കൈമാറി. ഇതില്‍ മലപ്പുറം, കൂത്തുപറമ്പ് നഗരസഭകള്‍ മാത്രമാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മാര്‍ച്ചിലെ കണക്കനുസരിച്ച് 29.30 കോടി ചെലവഴിക്കാതെ ബാങ്കില്‍ കിടക്കുന്നു. 27.14 കോടി എസ്.ബി.ടിയിലും 2.16 കോടി ട്രഷറി ബാങ്ക് അക്കൗണ്ടിലുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.