കൊച്ചി: കണ്ണൂരിലെ ജനങ്ങള്‍ക്ക് പിണറായി സര്‍ക്കാറിന് കീഴില്‍ സുരക്ഷിതത്വമുണ്ടാകില്ളെന്ന് ബോധ്യമായ സാഹചര്യത്തില്‍ ജില്ലയില്‍ കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെടുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്ര സേനയുടെ സഹായം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ വീടിനടുത്താണ് യുവാവ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളുടെ പിതാവിനെയും സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരമൊരു കൊലപാതകം നടക്കില്ല. മുഖ്യമന്ത്രി കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകം.
ആഭ്യന്തര വകുപ്പ് കൂടി ഏറ്റെടുത്ത് ഒരു കൈയില്‍ പൊലീസിനെയും മറു കൈയില്‍ ക്രിമിനല്‍ സംഘങ്ങളെയും അടക്കിവെച്ചിരിക്കുകയാണ് പിണറായി. ഒന്നുകില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. അല്ളെങ്കില്‍ ക്രിമിനലുകളുമായുള്ള ബന്ധം വിച്ഛേദിക്കണം. രണ്ടും ഒന്നിച്ചുചേര്‍ത്ത് മുന്നോട്ടു പോകാനാവില്ല. ബന്ധു നിയമനമുള്‍പ്പെടെ പല വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കൊലപാതകമടക്കം അക്രമം നടത്തുന്നത്. അക്രമവും അരുംകൊലയും അവസാനിപ്പിക്കാന്‍ തയാറല്ളെന്ന സൂചനയാണ് ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളിലൂടെ വെളിപ്പെടുത്തുന്നത്.
സമാധാന ശ്രമങ്ങള്‍ക്ക് ബി.ജെ.പിയും ആര്‍.എസ്.എസും തയാറാണ്. എന്നാല്‍, ഇത് പാര്‍ട്ടിയുടെ ഭീരുത്വമായി സി.പി.എം കാണരുത്. ഈ ഭരണത്തില്‍ ജനങ്ങള്‍ക്ക് ഒരു സമാധാനവും ഉണ്ടാകില്ളെന്ന് ഉറപ്പായി. രണ്ടാം വിമോചന സമരത്തിനാണ് അരങ്ങൊരുങ്ങുന്നത്. വേങ്ങാട് പഞ്ചായത്തിലും ദിവസങ്ങളായി ബി.ജെ.പിക്കാര്‍ക്ക് നേരെ അക്രമം തുടരുകയാണ്. സി.പി.എം അക്രമത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ നിരപരാധികളെ കൊന്നൊടുക്കുന്നു –കുമ്മനം
തിരുവനന്തപുരം: കണ്ണില്‍ ചോരയില്ലാത്ത സി.പി.എം ക്രൂരതയുടെ ഉദാഹരണമാണ് കണ്ണൂരില്‍ നടന്ന കൊലപാതകമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. ഭരണത്തില്‍ പ്രതിസന്ധി നേരിടുന്ന സി.പി.എം അത് മറികടക്കാന്‍ നിരപരാധികളെ കൊന്നൊടുക്കുകയാണ്. കൊലപാതകത്തിന് ഉന്നതനേതൃത്വത്തിന്‍െറ മൗനാനുവാദമുണ്ട്. ഇത്തരം കാടത്തം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ചര്‍ച്ചക്ക് തയാറാവണം ഒ. രാജഗോപാല്‍
തലശ്ശേരി: കണ്ണൂരിലെ രാഷ്ട്രീയ കലാപങ്ങള്‍ അവസാനിപ്പിക്കാനും ജില്ലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്താന്‍ തയാറാവണമെന്ന് മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പിണറായിയില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലനാണ്ടിയില്‍ രമിത്തിന്‍െറ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ്സംഭവം നടന്നിരിക്കുന്നത്. കുറ്റവാളികളെ നിയമത്തിനു മുന്നിലത്തെിക്കാന്‍ നിഷ്പക്ഷമായ അന്വേഷണംവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം –കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി
തിരുവനന്തപുരം: അക്രമം തടയുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. സ്വജനപക്ഷപാതിത്വത്തിലൂടെ അഴിമതി നടത്തിയ മന്ത്രി ഇ.പി. ജയരാജന്‍ രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിയില്ളെന്ന് ചുരുങ്ങിയ സമയത്തിനകം പിണറായി തെളിയിച്ചു. അക്രമം തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയമാണ്. പൊലീസ് നോക്കുകുത്തി മാത്രമാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കണ്ണൂരില്‍ മാത്രം ഏഴ് കൊലപാതകം നടന്നു. കഴിഞ്ഞ 48 മണിക്കൂറിനകം രണ്ട് കൊലപാതകങ്ങളാണ് അവിടെ നടന്നത്. ഗുണ്ട-ക്രിമിനല്‍ സംഘങ്ങള്‍ തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ അഴിഞ്ഞാടുന്നു.
കൊലപാതക രാഷ്ട്രീയമാണ് സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ളത്. ഒരേസമയം ഭീകരപ്രവര്‍ത്തനത്തെ എതിര്‍ക്കുകയും അതുതന്നെ നടത്തുകയും ചെയ്യുന്ന ബി.ജെ.പിയും സി.പി.എമ്മും കേരളത്തിലെ സമാധാന ജീവിതത്തിന് വെല്ലുവിളിയാണ്. ഇരുകൂട്ടരും ചോരക്കളി അവസാനിപ്പിക്കണം. ബന്ധുനിയമനങ്ങളെ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമായി കാണാനാവില്ല. പാര്‍ട്ടി നടപടികളിലൂടെ പ്രശ്നം ഒതുക്കാമെന്നും കരുതേണ്ട. ഇ.പി. ജയരാജന്‍െറ രാജിയോ പുറത്താക്കലോ അല്ലാതെ മറ്റ് പോംവഴിയില്ല. വ്യവസായമന്ത്രിയുടെ രാജിയും വ്യവസ്ഥാപിത നിയമനടപടിയും ആവശ്യപ്പെട്ട് 17ന് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണം –ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂരില്‍ യുദ്ധസമാനമായ സ്ഥിതിയാണുള്ളത്. ആക്രമണം ഫലപ്രദമായി തടയാന്‍ പൊലീസിന് കഴിയുന്നില്ല. സി.പി.എമ്മിന്‍െറയും ബി.ജെ.പിയുടെയും നേതൃത്വം ഇടപെട്ട് കണ്ണൂരില്‍ സമാധാനം പുന$സ്ഥാപിക്കണം. എട്ട് കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഇത്തരം കൊലപാതകങ്ങളുണ്ടാകുമ്പോള്‍ മന്ത്രിമാര്‍ നേരിട്ടത്തെി സമാധാനയോഗം വിളിക്കുമായിരുന്നു. എന്നാല്‍, പിണറായി സര്‍ക്കാര്‍ അത്തരം യോഗം വിളിക്കാത്തത് ദുരൂഹമാണ്. യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ അവസരം ലഭിക്കാത്തതിന്‍െറ സമ്മര്‍ദത്തില്‍ എസ്.പി അവധിയെടുത്തു. പരിമതികളുണ്ടെന്ന ഐ.ജിയുടെ പ്രസ്താവന പൊലീസ് നിഷ്ക്രിയമാണെന്നതിന്‍െറ സൂചനയാന്നെും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറുകള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം പി.എ. പൗരന്‍
കോയമ്പത്തൂര്‍: കണ്ണൂരില്‍ തുടരുന്ന കൊലപാതക പരമ്പരയുടെ ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്ന് പി.യു.സി.എല്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. പൗരന്‍. കോയമ്പത്തൂരില്‍ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ മുതല്‍ നാദാപുരം വരെയുള്ള സി.പി.എമ്മിന്‍െറ പാര്‍ട്ടി ഗ്രാമങ്ങളും ആര്‍.എസ്.എസ് ശാഖകളുമാണ് ക്രമസമാധാന നില തകര്‍ക്കാന്‍ കാരണമാവുന്നത്. സി.പി.എമ്മിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്ന ചില തെറ്റായ നയങ്ങളും സമീപനങ്ങളും തിരുത്താന്‍ തയാറാവണം. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് വരെ കണ്ണൂരിലും മറ്റും ആര്‍.എസ്.എസിന് ശാഖകളുണ്ടായിരുന്നില്ല. എന്നാല്‍, നിലവില്‍ ഇരുനൂറിലധികം സംഘ്പരിവാര്‍ ശാഖകളാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്.
വര്‍ഗീയ സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. അതിര്‍ത്തിയിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരെ ‘സര്‍ജിക്കല്‍ സ്ട്രൈക്’ നടത്തുന്ന പ്രധാനമന്ത്രി കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ അണികളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതായും പി.എ. പൗരന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.