ഓണവിപണിയിലേക്ക് രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാല്‍

കട്ടപ്പന: ഓണവിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനത്തുനിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാക്കറ്റ് പാല്‍ കേരളത്തിലേക്ക് എത്തുന്നു. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവടങ്ങളില്‍നിന്നാണ് രാസവസ്തുക്കള്‍ ചേര്‍ത്ത പാക്കറ്റ് പാല്‍ വരുന്നത്. മില്‍മ പാക്കറ്റ് പാലിനോട് ഒറ്റനോട്ടത്തില്‍ സാദൃശ്യം തോന്നുന്ന വിധത്തിലാണ് ഈ പാക്കറ്റുകളുടെ നിര്‍മാണവും വിതരണവും. മില്‍മ പാക്കറ്റ് പാലിന്‍െറ അതേ വിലയ്ക്കാണ് വില്‍പന.

എന്നാല്‍, മില്‍മ പാക്കറ്റ് 500 മില്ലിലിറ്റര്‍ അളവുള്ളതാണെങ്കില്‍ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പാക്കറ്റില്‍ 450 മില്ലിലിറ്റര്‍ മാത്രമേ ഉണ്ടാകൂ. ഫ്രിഡ്ജില്‍വെച്ചില്ളെങ്കിലും ഈ പാല്‍ പെട്ടെന്ന് കേടാകില്ല. ഫിനോയില്‍, ഫോര്‍മാലിന്‍ തുടങ്ങി പെട്ടെന്ന് കേടാകാതിരിക്കാനുള്ള ലായനികളാണ് പാലില്‍ കലര്‍ത്തുന്നത്. തമിഴ്നാട്ടിലെ ചില ഫാമുകളില്‍ കുറഞ്ഞ വിലയ്ക്ക് പാല്‍ കിട്ടും. ഈ പാല്‍ ആവശ്യക്കാര്‍ക്ക് അവിടെനിന്ന് തന്നെ പാക്കറ്റുകളില്‍ നിറച്ചു കൊടുക്കാനും സംവിധാനമുണ്ട്.

പാലിന് ഡിമാന്‍ഡ് ഉയരുമ്പോള്‍ യഥാര്‍ഥ പാലിനോടൊപ്പം കൃത്രിമ പാല്‍ ഉണ്ടാക്കി പാക്കറ്റില്‍ നിറക്കുകയാണ് ചെയ്യുന്നത്. പാല്‍ പൊടിയും ചില രാസപദാര്‍ഥങ്ങളും ചേര്‍ത്താണ് കൃത്രിമ പാല്‍ ഉണ്ടാക്കുന്നത്. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന നടത്തിയാലും പിടിക്കപ്പെടാതിരിക്കാനും അഥവാ പിടിച്ചാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു രക്ഷപ്പെടാനും ഇവര്‍ക്കു കഴിയും. വലിയ മാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

 തമിഴ്നാട്ടില്‍ ലിറ്ററിനു 18 മുതല്‍ 22രൂപക്കുവരെ കൃത്രിമ പാല്‍ കിട്ടും. ഇരട്ടി ലാഭം കിട്ടുന്ന ഈ കച്ചവടം ലക്ഷ്യമാക്കി കൂടുതല്‍ പേര്‍ തമിഴ്നാട്ടിലത്തെുന്നതായി നല്ലനിലയില്‍ കന്നുകാലി ഫാം നടത്തുന്ന കമ്പത്തെ മുരുകന്‍ പറഞ്ഞു. ഓണവിപണി ലക്ഷ്യമാക്കി കൃത്രിമപാല്‍ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.

കൃത്രിമ പാല്‍ നിര്‍മാണത്തെ കുറിച്ചും വിതരണത്തെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ടന്നും മില്‍മ അധികൃതര്‍ പറഞ്ഞു. ഓണക്കാലത്ത് വ്യാജപാല്‍ അതിര്‍ത്തി കടന്നത്തെുന്നു എന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പരിശോധന ആരംഭിച്ചതായി ഭക്ഷ്യസുരക്ഷാ അധികൃതരും വ്യക്തമാക്കി.    

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.