തെക്കന്‍ കേരളത്തില്‍നിന്നുള്ള ബന്ധുക്കള്‍ മലബാര്‍ മേഖലയിലത്തെിയാല്‍ ഓണസദ്യ കണ്ട് ആദ്യമൊന്ന് അമ്പരക്കും. പിന്നെ, തിരിച്ചറിയും; ഇതിനു പിന്നില്‍ ഒരു കൂട്ടായ്മയുടെ കഥയുണ്ടെന്ന്. അവിടെ, സാധാരണ സദ്യയില്‍ കാണാത്ത വിഭവം മലബാറിലെ ഓണം, വിഷു ആഘോഷങ്ങളില്‍ കയറിവരും. അത്, ഇറച്ചിയാണ്.

ആട്ടിറച്ചിയും കോഴിയിറച്ചിയുമാണ് പ്രധാനമായും ഇവിടെയുണ്ടാവുക. തെക്കന്‍ കേരളത്തില്‍ ഇത്തരം വേളയില്‍ ഇറച്ചി മാറ്റിനിര്‍ത്തുകയാണ് പതിവ്. പഴയകാലത്ത് ഇന്നത്തെപ്പോലെ ഇറച്ചിക്കടകള്‍ ഉണ്ടായിരുന്നില്ല. അന്ന്, താല്‍ക്കാലിക ഷെഡ് കെട്ടി നേരത്തേ ആവശ്യക്കാരില്‍നിന്ന് ഓര്‍ഡറുകള്‍ സ്വീകരിച്ച് ആടിനെ അറുക്കുന്നത് പതിവായിരുന്നു. ഇതാകട്ടെ തേക്കില, പെരിയില എന്നിവയില്‍ പൊതിഞ്ഞാണ് നല്‍കുക. പുതിയ കാലത്ത്, നിത്യജീവിതത്തിന്‍െറ ഭാഗമായിത്തന്നെ ഇറച്ചി ഭക്ഷണം മാറിയിട്ടുണ്ട്. എന്നാല്‍, മുമ്പ് അത്തരമൊരു പതിവില്ല. ഓണം, വിഷു ആഘോഷങ്ങള്‍ക്കാണ് ഹിന്ദുവീടുകളില്‍ ഇറച്ചിയുണ്ടാവുക.

ബ്രാഹ്മണര്‍ ഒഴികെയുള്ള എല്ലാ ജാതികളിലും സമ്പന്നര്‍ ഇത്തരം വേളയില്‍ ഇറച്ചി തങ്ങളുടെ തീന്മേശയില്‍ എത്തിച്ചിട്ടുണ്ട്. സാധാരണ സദ്യയില്‍ സാമ്പാര്‍, കാളന്‍, ഓലന്‍, അവിയല്‍, കൂട്ടുകറി, തോരന്‍, പച്ചടി, കിച്ചടി, നെയ്യ്, പരിപ്പ്, പപ്പടം, കായവറുത്തത്, അച്ചാര്‍, പായസം ഇങ്ങനെ 28ഓളം വിഭവങ്ങളുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതിനിടയിലേക്കാണ് ഇറച്ചി കറിയായും പൊരിച്ചും എത്തുന്നത്. അടുത്തകാലത്തായി ബിരിയാണി തന്നെ ഓണം, വിഷു വേളകളില്‍ ഇടംപിടിച്ചു. പക്ഷേ ഓണവിഭവങ്ങളില്‍ ഏറെ പ്രാധാന്യമുള്ളത് ഇപ്പോഴും പായസത്തിനുതന്നെയാണ്. അതും പ്രഥമന്‍. ചെറുപയര്‍ പരിപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രഥമന്‍ പലപ്പോഴും വീടുകളില്‍നിന്ന് വീടുകളിലേക്ക് കൈമാറുന്ന ഒന്നാവുന്നതും ഇതുകൊണ്ടാണ്. ഭക്ഷണം സൃഷ്ടിക്കുന്ന സാമൂഹിക ഐക്യം ഓണനാളുകളിലെ സവിശേഷ കാഴ്ചയാണ്.

ഓണം വൈഷ്ണവ ആചാരമായാണ് തുടങ്ങിയതെന്നും പിന്നീട് സമൂഹം ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റുകയായിരുന്നെന്നും ചരിത്രകാരന്‍ കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ മാറ്റങ്ങളാണിന്ന് കാണുന്നത്. പഴയകാലത്ത് താഴ്ന്ന ജാതിക്കാരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം മത്സ്യമായിരുന്നു. കല്യാണസദ്യയില്‍നിന്ന് മത്സ്യക്കറി ആദ്യമായി മാഹിയില്‍നിന്നുമാണ് ശ്രീനാരായണ ഗുരു എടുത്തുകളഞ്ഞത്. തുടര്‍ന്നാണ് കല്യാണച്ചടങ്ങ് നടക്കുന്ന ദിവസം മീന്‍ അപ്രത്യക്ഷമായത്.

പച്ചക്കറിവിഭവങ്ങള്‍ യഥാവിധി നിര്‍മിക്കാന്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക് പഴയകാലത്ത് അറിയില്ലായിരുന്നു. മലബാറില്‍ നായന്മാരുള്‍പ്പെടെ ഇറച്ചി കഴിക്കുന്നതിനു പിന്നില്‍ മുസ്ലിം സമുദായവുമായുള്ള കൂടിച്ചേരലും ഘടകമാവുമെന്നും കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.