കൊച്ചി: അപകടഭീഷണിയുള്ള പാളങ്ങള്‍ മാറ്റുന്നതിന് ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ഏഴര കീലോമീറ്റര്‍ പാളം മാറ്റല്‍ ജോലി ഈയാഴ്ച തുടങ്ങും. ഇതിന് ട്രെയിന്‍ ഗതാഗതത്തിനിടക്ക് മൂന്ന് മണിക്കൂര്‍ വീതം ഇടവേള വേണ്ടിവരുമെന്ന് എന്‍ജിനീയറിങ് വിഭാഗം പറഞ്ഞു. ഇത് വ്യക്തമാക്കി ഡിവിഷന്‍ അധികൃതര്‍ക്ക് തിങ്കളാഴ്ച കത്ത് നല്‍കും. മൂന്ന് മണിക്കൂര്‍ വീതം ഇടവേള വേണമെങ്കില്‍ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കാതെ കഴിയില്ളെന്ന് ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ വി.സി. സുധീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിനകം എത്തിയ 60 കിലോ ഭാരവും 130 മീറ്റര്‍ വീതം നീളവുമുള്ള 56 പാളങ്ങളും 58 കിലോ ഭാരവും 13 മീറ്റര്‍ വീതം നീളവുമുള്ള 125 പാളങ്ങളും തൃശൂരിനും ആലുവക്കും ഇടയില്‍ പല ഭാഗത്തായി ഇറക്കി. പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കറുകുറ്റി ഭാഗത്തായാണ് ഏഴര കീലോമീറ്റര്‍ പാളം മാറ്റുന്നത്. കറുകുറ്റി അപകടത്തിനുശേഷം പല ഭാഗത്തും അല്‍പാല്‍പമായാണ് പാളങ്ങള്‍ മാറ്റിയത്. അതിഗുരുതര സ്ഥിതിയിലുണ്ടായിരുന്ന ഭാഗങ്ങള്‍ മുറിച്ച് മാറ്റിസ്ഥാപിക്കുകയായിരുന്നു. ആറ് മീറ്റര്‍ മുതല്‍ 18 മീറ്റര്‍ നീളത്തില്‍ 17 ഇടത്താണ് ഇങ്ങനെ പാളങ്ങള്‍ മാറ്റിയത്.
എന്നാല്‍, ഇനി ഒരു കിലോമീറ്റര്‍ ദൂരം മുതല്‍ പാളങ്ങള്‍ ഒറ്റയടിക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ചിലയിടത്ത് ഇത് ഒന്നര കിലോമീറ്ററുണ്ട്. ആവശ്യമായ സമയം ലഭിക്കാതെ ഈ ജോലി പൂര്‍ത്തീകരിക്കാനാകില്ളെന്ന് റെയില്‍വേ എന്‍ജിനീയറിങ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അതേസമയം, അനുബന്ധസാമഗ്രികളും ആവശ്യത്തിന് തൊഴിലാളികളെയും ലഭിച്ചെങ്കിലെ പാളങ്ങള്‍ മാറ്റല്‍ തുടങ്ങാനാകൂവെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷനില്‍ ഷൊര്‍ണൂരിനും തിരുവനന്തപുരത്തിനുമിടക്ക് 202 സ്ഥലത്ത് പാളങ്ങള്‍ മാറ്റേണ്ടതുണ്ട്. ഇതില്‍ അതീവ ഗുരുതരമായ 38 ഇടത്താണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ മൊത്തം 96 ഇടത്താണ് പാളങ്ങള്‍ മാറ്റേണ്ടത്. എറണാകുളം- തിരുവനന്തപുരം റൂട്ടിലും ഒരു കിലോമീറ്റര്‍ ദൂരം മുതല്‍ പാളങ്ങള്‍ മാറ്റുന്ന ജോലി അധികം താമസിയാതെ തുടങ്ങുമെന്നും റെയില്‍വേ എന്‍ജിനീയറിങ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.