കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ല –മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ളെന്ന് മന്ത്രി ജി. സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നം ഉന്നതതലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കണം. കോടതിവളപ്പ് ജഡ്ജിയുടെ അധികാരപരിധിയിലുള്ളതാണ്. അവിടെ അഭിഭാഷകര്‍ പത്രപ്രവര്‍ത്തകരെ തടയുന്നത് ശരിയല്ല. അഭിഭാഷകര്‍ കൂടുതല്‍ സംയമനം പാലിക്കണം. രാജാവ് കഴിക്കുന്ന ആഹാരമെന്തെന്നു നോക്കാന്‍വരെ അവകാശമുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്നത് സിവില്‍ സൊസൈറ്റിക്ക് ചേര്‍ന്നതല്ളെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തിനുതന്നെ ആഘാതമാകുമെന്ന് മുഖ്യപ്രഭാഷണത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. കൊടിപിടിക്കുന്നവരുടെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് കൊടിപിടിപ്പിക്കേണ്ട അവസ്ഥ സംജാതമാക്കിയത് ശരിയായില്ളെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പ്രശ്നത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈകോടതി കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പറഞ്ഞു. ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന കൂട്ടായ്മയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍,  ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. സോമന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നസീര്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ബി. രാജശേഖരന്‍, കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി വി.എസ്. ജോണ്‍സണ്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ പ്രസിഡന്‍റ് ബേബി പാറക്കാടന്‍, കര്‍ഷക ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. കുര്യന്‍, കളത്തില്‍ വിജയന്‍, ജേക്കബ് ജോണ്‍, സുനീര്‍ ഇസ്മയില്‍, എന്‍.എന്‍. ഗോപിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ളബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ജി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.