കഥ പറഞ്ഞും കവിത ചൊല്ലിയും ‘സ്പീക്കര്‍ മാഷ്’; സംശയങ്ങളും ചോദ്യങ്ങളുമായി വിദ്യാര്‍ഥികള്‍

മലപ്പുറം: കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തും കവിത ചൊല്ലിയും ഒരിക്കല്‍ കൂടി ‘മാഷ്’ ആവുകയായിരുന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ക്ളാസ് ശരിക്കും പിടിച്ച വിദ്യാര്‍ഥികള്‍ നിറഞ്ഞ കൈയടികള്‍ക്കൊപ്പം ഒരുപിടി ചോദ്യങ്ങളും മാഷിന് സമ്മാനം നല്‍കി. എല്ലാത്തിനും മനോഹരമായി മറുപടി പറഞ്ഞ സ്പീക്കറില്‍നിന്ന് കവിത കൂടി ചൊല്ലിക്കേള്‍ക്കണമെന്നായി മറ്റൊരു മിടുക്കിയുടെ ആഗ്രഹം. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന അധ്യാപക ദിനാഘോഷത്തിന്‍െറ ജില്ലാതല പരിപാടിയുടെ ഉദ്ഘാടകനായി എത്തിയതായിരുന്നു അദ്ദേഹം. ഗ്രീക്ക് പുരാണത്തിലെ രാജാവിന്‍െറ കഥ പറഞ്ഞാണ് അധ്യാപകദിന സന്ദേശത്തിലേക്ക് സ്പീക്കര്‍ കടന്നത്. ശേഷം അധ്യാപകദിന സന്ദേശമായ ജീവിതശൈലിയെക്കുറിച്ച് വിദ്യാര്‍ഥികളോട് സംവദിച്ചു. പ്രകൃതിയോട് ഒട്ടിനിന്നുള്ള ശീലങ്ങളിലൂടെ മികച്ച ജീവിതം വിദ്യാര്‍ഥികള്‍ രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഒ.എന്‍.വിയുടെ ഭൂമിക്കൊരു ചരമഗീതവും വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഭൂമിയുടെ അവകാശികളും ഓര്‍മിപ്പിച്ച് മുന്നേറിയ ക്ളാസിനൊടുവില്‍ കുട്ടികള്‍ക്ക് സംശയം ചോദിക്കാനുള്ള അവസരമായിരുന്നു. വിദ്യാര്‍ഥി ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച അധ്യാപകന്‍ ആരെന്നായിരുന്നു ആദ്യ ചോദ്യം. സ്കൂള്‍ കാലത്ത് കണക്കിനോടും സയന്‍സിനോടും തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ളെന്ന മുഖവുര കേട്ടതോടെ വിദ്യാര്‍ഥികളുടെ കൂട്ടക്കൈയടി. കേശവന്‍ മാഷ് നിര്‍ബന്ധിച്ചപ്പോള്‍ സയന്‍സ് ക്ളബില്‍ ചേര്‍ന്നു. പതിയെ സയന്‍സിനോടുള്ള താല്‍പര്യം കൂടി. സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ ബഹിരാകാശം ആയിരുന്നു വിഷയം. ഇതില്‍ ഒന്നാംസ്ഥാനം നേടി. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച അധ്യാപകരില്‍ ഒരാളാണ് അദ്ദേഹമെന്നും പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും അടുത്ത ചോദ്യക്കാരി എഴുന്നേറ്റു.

രാഷ്ട്രീയ ജീവിതം അവസാനിച്ചാല്‍ വീണ്ടും അധ്യാപകനാകുമോ എന്നായിരുന്നു അറിയേണ്ടത്. കൗതുക ചോദ്യം കേട്ട് സ്പീക്കര്‍ക്കൊപ്പം സദസ്സൊന്നാകെ ചിരിച്ചു. സമൂഹത്തിന്‍െറ അധ്യാപനമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നും മരണം വരെ അധ്യാപകനായിരിക്കുമെന്നുമായിരുന്നു മറുപടി. ഒടുവില്‍ ചോദ്യം ചോദിച്ച വിദ്യാര്‍ഥിനിക്ക് രാഷ്ട്രീയത്തില്‍ വരും മുമ്പ് മലയാളം അധ്യാപകനായിരുന്ന സ്പീക്കറില്‍നിന്ന് മലയാളം കവിത ചൊല്ലി കേള്‍ക്കാനായിരുന്നു ആഗ്രഹം. ആരെയും നിരാശരാക്കാതെ അദ്ദേഹം ഒ.എന്‍.വി കുറുപ്പിന്‍െറ ‘പേരറിയാത്തൊരു പെണ്‍കിടാവേ, നിന്‍െറ നേരറിയുന്നു ഞാന്‍ പാടുന്നു’ കവിത മനോഹരമായി ചൊല്ലി ക്ളാസ് അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ല എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.