സര്‍ക്കാറിന്‍േറത് പകപോക്കല്‍ രാഷ്ട്രീയം –യു.ഡി.എഫ്

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് പകപോക്കല്‍ രാഷ്ട്രീയം നടത്തുകയാണെന്ന് യു.ഡി.എഫ്. ഏതെങ്കിലും അന്വേഷണത്തിലൂടെ യു.ഡി.എഫിന്‍െറ ആത്മവിശ്വാസം തകര്‍ക്കാനാവില്ല. ഇത്തരം നടപടികളെ നേരിടാനുള്ള ശക്തി മുന്നണിക്കുണ്ടെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.

അതേസമയം, മുന്‍മന്ത്രി കെ. ബാബുവിന്‍െറയും ബന്ധുക്കളുടെയും വീടുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയോഗത്തിലും പ്രകടമായി. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസിന്‍െറയും ഘടകകക്ഷികളുടെയും ഒട്ടുമിക്ക നേതാക്കളും മുന്നണിയോഗത്തില്‍ നിലപാടെടുത്തെങ്കിലും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അതിനു തയാറായില്ല. അന്വേഷണങ്ങള്‍ക്ക് എതിരല്ളെങ്കിലും രാഷ്ട്രീയമായ പകപോക്കലുകളോട് കോണ്‍ഗ്രസിന് യോജിപ്പില്ളെന്ന് മുന്നണിയോഗത്തില്‍ നിലപാടെടുത്ത സുധീരന്‍, 24ന് ചേരുന്ന പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയോഗത്തിനു ശേഷം നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞു.

കെ.പി.സി.സി വൈസ്പ്രസിഡന്‍റ് വി.ഡി സതീശനും അദ്ദേഹത്തോട് യോജിച്ചു. കെ. ബാബുവിനെതിരായ വിജിലന്‍സ് നീക്കത്തില്‍ കെ.പി.സി.സി അഭിപ്രായം പറയണമെന്ന ആവശ്യം പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉന്നയിച്ചത്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമായിരുന്നെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു. ലാവലിന്‍ കേസില്‍ പോലും ഒരു നേതാവിന്‍െറയും വീട്ടില്‍ റെയ്ഡ് നടന്നിരുന്നില്ളെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി, ഇപ്പോള്‍ നടന്ന റെയ്ഡ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്ന് കുറ്റപ്പെടുത്തി. രാഷ്ട്രീയമായ പകപോക്കലിനെതിരെ ശബ്ദിക്കണമെന്നും അതല്ലാതെയുള്ള അന്വേഷണങ്ങളോട് വിയോജിപ്പില്ളെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ബാബുവിനോടുള്ള വ്യക്തിവിരോധമാണ് റെയ്ഡിന് പിന്നിലെന്ന് എം.എം. ഹസന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.