കൊച്ചിയിലെ വെള്ളക്കെട്ട്: ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം

കൊച്ചി: നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. കലക്ടര്‍ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തു. മഴക്കാലമായതിനാല്‍ നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് യോഗത്തില്‍ മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പൊതുമരാമത്തു വകുപ്പിനും ഇതര വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

മുല്ലശേരി കനാല്‍ റോഡുപണി ആരംഭിച്ചതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കമ്മട്ടിപ്പാടം ബണ്ട് മഴ തീരുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കും. ഹൈക്കോടതി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. മഴവെള്ളം മംഗളവനത്തിലൂടെ ഒഴുക്കി വിടാനാണ് പദ്ധതി.

റെയില്‍വേയുടെ അധീനതയിലുള്ള 34 കലുങ്കുകളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇത് വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം റെയില്‍വേയ്ക്കാണെന്ന് മേയര്‍ വ്യക്തമാക്കി. റെയില്‍വേ ലൈന്‍ കടന്നുപോകുന്ന കലുങ്കുകളില്‍ പുറമേ നിന്നുള്ളവര്‍ വൃത്തിയാക്കുമ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള തകരാറുകളോ അപകടങ്ങളോ സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം വഹിക്കുമെന്ന് മേയര്‍ ആരാഞ്ഞു. കലുങ്ക് വൃത്തിയാക്കുന്നതു സംബന്ധിച്ച് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും റെയില്‍വേ പ്രതിനിധി അറിയിച്ചു.

പി ആന്റ് ടി കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച മുണ്ടന്‍വേലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ അപാകതകള്‍ പരിഹരിക്കുന്നതിന് ഒരു സബ്കമ്മിറ്റിയെ നിയോഗിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും കലക്ടര്‍ക്കു നൽകണം. കലക്ടര്‍ അംഗീകാരം നല്‍കുന്ന മുറക്ക് കോര്‍പറേഷന്‍ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് പണി നടത്തുന്നതിനും തീരുമാനമായി.

കെ.എസ്.ആർ.ടി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെള്ളം കയറി ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാന്‍ഡിനുള്ളിലെ തറനിരപ്പ് രണ്ടടി ഉയര്‍ത്താന്‍ പദ്ധതി ആയിട്ടുണ്ട്. ഇതിനായി 58 ലക്ഷം രൂപ എം എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് ടി ജെ വിനോദ് എം.എൽ.എ അറിയിച്ചു.

പച്ചാളത്ത് തോടു നികത്തിയത് പൊലീസ് സംരക്ഷണത്തില്‍ തിരികെ പിടിക്കാനും നിയമനടപടി സ്വീകരിക്കാനും മേയറും എം.എല്‍എ.യും യോഗത്തില്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ കോർപറേഷൻ സെക്രട്ടറി ചെൽസ സിനി, കോർപറേഷൻ കൗൺസിലർ വി കെ മിനിമോൾ എന്നിവരും പൊതുമരാമത്ത്, സ്മാര്‍ട്ട്‌കൊച്ചി, പൊലീസ്, മെട്രോറെയില്‍, റവന്യൂ, റെയില്‍വേ, കെ എസ് ആര്‍ടിസി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - Vellakattu in Kochi: Decision to complete Operation Break Through in time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.