ഹജ്ജ് യാത്ര: കബളിപ്പിക്കപ്പെട്ടവര്‍ നിരവധി

കോഴിക്കോട്: സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് യാത്രക്കൊരുങ്ങി കബളിപ്പിക്കപ്പെട്ടവര്‍ നിരവധി. മാസങ്ങള്‍ക്കു മുമ്പേ യാത്രക്കും മറ്റു ചെലവുകള്‍ക്കുമുള്ള പണമടച്ചിട്ടും ഹജ്ജിന് പോവാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തിനു പുറമെ അപമാനഭാരത്തിലുമാണ് ഈയാളുകള്‍.ബന്ധുമിത്രാദികളോടും നാട്ടുകാരോടും യാത്രപറഞ്ഞ് പുറപ്പെടാനുള്ള മുഴുവന്‍ തയാറെടുപ്പുകളും നടത്തി അവസാന നിമിഷത്തിലാണ് തങ്ങള്‍ വഞ്ചിതരായത് ഇവര്‍ അറിയുന്നത്. സ്വകാര്യ ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെട്ട തൊള്ളായിരം പേരെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. യാത്ര മുടങ്ങിയവരില്‍ കൂടുതലും സ്ത്രീകളാണ്. കബളിപ്പിക്കപ്പെട്ടവരില്‍ നല്ളൊരു ഭാഗത്തിനും പണം തിരിച്ചുകിട്ടിയിട്ടുമില്ല. ഹജ്ജിനുവേണ്ടി അടച്ച ലക്ഷങ്ങള്‍ തിരിച്ചുകിട്ടാനുള്ള നെട്ടോട്ടത്തിലാണ്  അവര്‍.മൂന്നര ലക്ഷം രൂപ മുതല്‍ നാലു ലക്ഷം രൂപവരെയാണ് സ്വകാര്യ ഗ്രൂപ്പുകള്‍ ഹജ്ജ് യാത്രക്ക് ഒരാളില്‍നിന്ന് കൈപ്പറ്റുന്നത്.  മാസങ്ങള്‍ക്കുമുമ്പേ മുഴുവന്‍ സംഖ്യയും ഈടാക്കിയിട്ടുമുണ്ട്.ഹജ്ജിനു വേണ്ട കുത്തിവെപ്പും പഠനക്ളാസുകളും നല്‍കി യാത്രക്ക് തയാറായിക്കൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കബളിപ്പിക്കപ്പെട്ടവരില്‍ മലബാറില്‍നിന്നുള്ളവര്‍ മാത്രമല്ല തെക്കന്‍ ജില്ലകളിലുള്ളവരുമുണ്ട്.കോഴിക്കോട് സലഫി ഹജ്ജ് ഉംറ സര്‍വിസ്, ക്രിയേറ്റിവ് ട്രാവല്‍സ്, സംസം ട്രാവല്‍സ്, കോട്ടക്കല്‍ കനഫ് ട്രാവല്‍സ്, യാസീന്‍ ട്രാവല്‍സ് തുടങ്ങിയ ട്രാവല്‍സ് മുഖേന ഹജ്ജിന് തയാറെടുത്തവര്‍ യാത്ര മുടങ്ങിയവരില്‍പെടും.

ചില ഗ്രൂപ്പുകാര്‍ തങ്ങള്‍ക്ക് കീഴില്‍ യാത്രക്ക് തയാറെടുത്തവരെ എയര്‍പോര്‍ട്ടിലേക്ക് വരുത്തിയ ശേഷമാണ് മുടങ്ങിയ വിവരം അറിയിക്കുന്നത്. ഹജ്ജിന്‍െറ പേരില്‍ മുന്‍ വര്‍ഷങ്ങളിലും കബളിപ്പിക്കല്‍ നടന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്തുനിന്ന് ഇത്രയും കൂടുതല്‍ പേര്‍ ഇരയാകുന്നത് ആദ്യമാണ്. ഇന്ത്യയില്‍നിന്ന് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് 36,000 സീറ്റാണ് ഈവര്‍ഷം ഹജ്ജിന് അനുവദിച്ചത്.വിദേശകാര്യ വകുപ്പ് അംഗീകൃത ഏജന്‍റുമാര്‍ക്ക് ഇത്രയും സീറ്റുകള്‍ വീതിച്ചു നല്‍കുകയായിരുന്നു. ഫസ്റ്റ് കാറ്റഗറിയില്‍പ്പെട്ട ഏജന്‍റിന് 94 സീറ്റും സെക്കന്‍ഡ് കാറ്റഗറിയില്‍പ്പെട്ട ഏജന്‍റിന് 50 സീറ്റും വീതമാണ് അനുവദിച്ചത്. കേരളത്തിലെ സ്വകാര്യ ഗ്രൂപ്പുകള്‍ക്കും സീറ്റ് കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിലെ ടൂര്‍ ഓപറേറ്റര്‍മാരോട് സീറ്റുകള്‍ മറിച്ചുവാങ്ങിയാണ് ഇവര്‍ ഹാജിമാരെ കൊണ്ടുപോകുന്നത്.ഇത്രകാലം മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഏജന്‍റുമാരില്‍നിന്നാണ് കേരളത്തിലെ ട്രാവല്‍ ഏജന്‍സികള്‍ കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്തുന്നത്. പുറത്തുനിന്നുള്ള ഏജന്‍സികളുടെ സീറ്റ് തരപ്പെടുത്തുന്നതിന് ഇവിടത്തെ ട്രാവല്‍സുകളിലുണ്ടായ പ്രശ്നങ്ങള്‍ കാരണം സീറ്റ് ലഭിക്കാതായതും പലരുടെയും യാത്ര മുടങ്ങാന്‍ കാരണമായിട്ടുണ്ട്.

എന്നാല്‍, ചില ഏജന്‍സികള്‍ ബോധപൂര്‍വംതന്നെ പണം വാങ്ങി കബളിപ്പിച്ചവരുമുണ്ട്. ഹജ്ജ് യാത്രക്ക് ഉദ്ദേശിച്ചവരില്‍നിന്ന് മാസങ്ങള്‍ക്ക് മുമ്പേ കൈപ്പറ്റുന്ന കോടിക്കണക്കിന് രൂപ ബിസിനസിനിറക്കുന്നവരുമുണ്ട്. അടച്ച സംഖ്യ തിരിച്ചുകിട്ടിയാല്‍ മതിയെന്ന പരുവത്തിലാവും യാത്ര മുടങ്ങിയവര്‍. ഈ മാനസികാവസ്ഥയും പല ഏജന്‍റുമാരും യഥേഷ്ടം ചൂഷണം ചെയ്യുന്നുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.