ഓണം-പെരുന്നാള്‍ സീസണ്‍: വര്‍ണപ്രഭയിലേക്ക് മിഴിതുറന്ന് മലമ്പുഴ ഉദ്യാനം

പാലക്കാട്: ഓണം-ബലിപെരുന്നാള്‍ സീസണിനായി മലമ്പുഴ ഉദ്യാനം അണിഞ്ഞൊരുങ്ങി. 
അവധിക്കാലത്ത് ഒഴുകിയത്തെുന്ന വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ജലസേചനവകുപ്പ് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്്. ശനിയാഴ്ച മുതല്‍ ഓണാവധി തീരുന്നതുവരെയുള്ള ദിവസങ്ങളില്‍ അധികൃതര്‍ വന്‍തിരക്ക് പ്രതീക്ഷിക്കുന്നു. 
ഓണാവധിക്ക് ഇടയില്‍ ബലി പെരുന്നാള്‍ കൂടി എത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതിനാല്‍ കുടുംബസമേതമുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് പതിന്മടങ്ങാവും. 

ബലിപെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച തന്നെ സീസണിന് തുടക്കമാവും. പെരുന്നാളിന്‍െറ പിറ്റേദിവസം ഉത്രാടം കൂടിയായതിനാല്‍ ജനസഞ്ചയം തന്നെ ഉദ്യാനത്തിലത്തെും. ഉദ്യാനത്തിന്‍െറ മിനുക്കുപണികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. മുഴുവന്‍ ജലധാരകളും പ്രവര്‍ത്തനസജ്ജമായി. ബീം ലൈറ്റുകളും ലേസര്‍ ലൈറ്റുകളും പ്രവര്‍ത്തന സജ്ജമായി. 

കുട്ടികളുടെ പാര്‍ക്കില്‍ കളിത്തീവണ്ടി സര്‍വിസുണ്ട്. ഡാം സെക്ഷന്‍ ഓഫിസിന് സമീപം വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ലൈറ്റ്ഷോ ഒരുക്കിയിട്ടുണ്ട്. ബീം ലൈറ്റുകളില്‍നിന്നും 16 നിറങ്ങളിലുള്ള വിളക്കുകള്‍ മൂന്ന് കി.മി ചുറ്റളവില്‍ വര്‍ണ്ണവിസ്മയം സൃഷ്ടിക്കും. 
13 മുതല്‍ 17വരെയുള്ള ദിവസങ്ങളിലാണ് ലൈറ്റ് ഷോ ഉണ്ടാവുക. ഉദ്യാനത്തിന് മുകളില്‍ പല നിറങ്ങളില്‍ തിരമാലകള്‍ വീശിയടിക്കുന്നതുപോലുള്ള പ്രകാശധാര മനോഹരമാകും. 

ഉത്രാടം മുതല്‍ നാലു ദിവസം സാംസ്കാരിക പരിപാടികളും ഉദ്യാനത്തില്‍ നടക്കും. മെമ്മറി പില്ലറിന് സമീപം വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെയാണ് പരിപാടികള്‍. 13ന് ശേഖരീപുരം മാധവന്‍െറ നാടന്‍പാട്ട്, 14ന് സ്വരലയയുടെ ഗാനമേള, 15ന് പ്രണവം ശശിയുടെ നാടന്‍പാട്ട്, 16ന് കോഴിക്കോട് ആര്‍ ബ്രാന്‍ഡ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ അരങ്ങേറും. 


സഞ്ചാരികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണവും മറ്റും ലഭ്യമാക്കാന്‍ ഉദ്യാനത്തിന് അകത്തും പുറത്തും കൂടുതല്‍ സജ്ജീകരണം ഏര്‍പ്പെടുത്തി. ഉദ്യാനത്തിനകത്ത് റസ്റ്റാറന്‍റും മില്‍മയുടെ ലഘുഭക്ഷണ സ്റ്റാളുമുണ്ട്. പുറത്ത് കുടുംബശ്രീ ഭക്ഷണശാലക്കു പുറമേ പുതിയ രണ്ട് റസ്റ്റാറന്‍റുകള്‍കൂടി തുറന്നു. 
കൂടുതല്‍ ലഘുഭക്ഷണശാലകളും തുറന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.