പാരമ്പര്യ സ്മരണയില്‍ സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി കൈമാറി

കോട്ടയം: പതിവും പാരമ്പര്യവും പുതുക്കി സര്‍ക്കാറിന്‍െറ ഉത്രാടക്കിഴി രാജകുടുംബത്തിന് കൈമാറി. കൊച്ചി രാജവംശത്തിലെ പിന്മുറക്കാരിയായ കോട്ടയം വയസ്കരക്കുന്ന് രാജ്ഭവന്‍ കോവിലകത്തില്‍ എ.ആര്‍. രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്കാണ് ഉത്രാടക്കിഴി നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിഴി സമര്‍പ്പിച്ചത്.

കൊച്ചി രാജവംശത്തിലെ സ്ത്രീകള്‍ക്ക് രാജവാഴ്ച കാലത്ത് ഓണത്തിന് പുതുവസ്ത്രം വാങ്ങാന്‍ നല്‍കിവന്നിരുന്നതാണ് ഉത്രാടക്കിഴി. ഈ ആചാരത്തിന്‍െറ തുടര്‍ച്ചയാണിത്. രാജഭരണം അവസാനിച്ചതോടെ കിഴി വിതരണത്തിന്‍െറ ചുമതല സര്‍ക്കാറിനായി. കിഴിനല്‍കാന്‍ കൊച്ചി രാജാക്കന്മാരില്‍ ഒരാള്‍ എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തിയിരുന്നു.

മഞ്ഞപ്പട്ടില്‍ പത്തുരൂപയുടെ നൂറും ഒരുരൂപയുടെ ഒന്നും നാണയം അടങ്ങുന്ന 1001 രൂപയാണ് ഉത്രാടക്കിഴിയായി കൈമാറിയത്. ഓണക്കോടിയും സമ്മാനിച്ചു. കൊച്ചി രാജവംശത്തില്‍പ്പെട്ട ഇളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ അംഗമാണ് സൗമ്യവതി തമ്പുരാട്ടി. 64ാം തവണയാണ് സൗമ്യവതി തമ്പുരാട്ടി ഉത്രാടക്കിഴി ഏറ്റുവാങ്ങുന്നത്. 14 രൂപയും ചില്ലറയുമായിരുന്ന ഉത്രാടക്കിഴിയിലെ തുക പിന്നീട് 1000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. കിഴിക്കുള്ള പണം തൃശൂര്‍ കലക്ടര്‍ പ്രത്യേക പ്രതിനിധി മുഖേന കോട്ടയം തഹസില്‍ദാര്‍ക്ക് കൈാറുകയായിരുന്നു. സംസ്ഥാനത്ത് 73പേര്‍ക്കാണ് ഉത്രാടക്കിഴി നല്‍കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.