ആഘോഷങ്ങളില്‍ അഭിരമിക്കുന്ന തരം വൈകാരികതയൊന്നും ഉള്ളയാളല്ല ഞാന്‍. എങ്കിലും നമ്മുടെ നാട്ടിലെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമാവാന്‍ ശ്രമിച്ചിരുന്നു. ഓണം മതാചാരം മറികടന്ന് ദേശീയോത്സവത്തിലേക്ക് എത്തിയതുകൊണ്ട് തോന്നുന്ന ഇഷ്ടമൊന്നുമല്ല. ഉള്ളവനും ഇല്ലാത്തവനും നല്ളോണം ഉണ്ടുറങ്ങിക്കിടക്കുന്ന, പ്രതിസന്ധികള്‍ക്കിടയിലും സന്തോഷം കണ്ടത്തൊന്‍ ശ്രമിക്കുന്ന ഒരു ദിനം ആരാണ് ഇഷ്ടപ്പെടാതിരിക്കുക. എന്‍െറ നാട് കൊച്ചി പള്ളുരുത്തിയാണ്. എല്ലാ മതവിഭാഗത്തിന്‍െറ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കുമായിരുന്നു എന്‍െറ ചെറുപ്പത്തിലൊക്കെ. ഇപ്പോള്‍ അത്രകണ്ട് സഹകരണമില്ളെങ്കിലും അന്ന് ബന്ധം ദൃഢമായിരുന്നു.
ഓണവും വിഷുവും വന്നാല്‍ മറ്റു മതസ്ഥരെല്ലാം ഹിന്ദുമതക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് ആഘോഷിക്കും. ക്രിസ്മസിനും ഈദിനും തിരിച്ചും ആഘോഷങ്ങള്‍ക്ക് വേദിയാകും. നാട്ടിന്‍പുറത്തെ പറമ്പുകളിലെല്ലാം ഊഞ്ഞാലുകള്‍ നിറയും. പട്ടം പറത്തലുകാര്‍ പിറകെയും. ഇപ്പോള്‍ കാലം മാറി. അത്തരം കളികള്‍ നിലച്ചുപോയി. ഓണം വരുന്നുവെന്ന് മാസങ്ങള്‍ക്കുമുമ്പേ നമ്മളെ അറിയിക്കുന്നത് കച്ചവടക്കാരാണ്. ഓണസദ്യയാകട്ടെ, ഫോണില്‍ വിളിച്ചാല്‍ റെഡിമെയ്ഡായി വീട്ടിലത്തെുന്ന കാലമാണ്. ഓരോ കാലത്തും വ്യത്യസ്ത തരം അനുഭവങ്ങളാണ് ഉണ്ടാകുക. നിരവധി സാഹിത്യക്കൂട്ടായ്മകളുടെ ഭാഗമായിരുന്നു ഞാന്‍. എഴുത്തുകാരും സാഹിത്യകാരന്മാരും ഓണസദ്യപോലെ തന്നെ നാട്ടുകാര്‍ക്ക് അക്കാലത്ത് പ്രിയപ്പെട്ടവരായതുകൊണ്ട് അക്കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ പലരും ശ്രമിക്കുമായിരുന്നു. മറ്റൊന്ന് മലയാളം വാരികയുടെ എഡിറ്ററായിരിക്കെയുള്ള പത്രപ്രവര്‍ത്തകന്‍െറ വേഷത്തിലെ ഓണക്കാലമാണ്.
പത്രക്കാരെ സംബന്ധിച്ചിടത്തോളം അത് വാര്‍ഷിക പതിപ്പുകളുടെ കാലം കൂടിയാണ്. പതിപ്പുകളില്‍ നിറക്കാനുള്ള ഓണവിഭവങ്ങള്‍ക്കായുള്ള നെട്ടോട്ടം വളരെ മികച്ച അനുഭവം തന്നെയാണ്. പക്ഷേ, ഇത്തരം ഓടിപ്പാച്ചില്‍ രണ്ടു കൊല്ലം മുമ്പ് അവസാനിച്ചതാണ്. ആര്‍ക്കും പിടികൊടുക്കാതെയുള്ള ഓട്ടത്തിനിടയില്‍ വീഴ്ത്തിക്കളഞ്ഞു. എതിരാളി വാഹനാപകടത്തിന്‍െറ രൂപത്തിലത്തെി കിടത്തിക്കളയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് പൂര്‍ണമായും ബോധവും ചലനശേഷിയും നഷ്ടപ്പെട്ട് ഏതാണ്ട് ആറുമാസം കിടന്നു. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെങ്കിലും എനിക്ക് ജീവിക്കാന്‍ ഒരു ചാന്‍സ് കൂടി തന്നു. പതുക്കെ പതുക്കെ ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങി. ഇന്ന് ഈ കാണുന്നത് എല്ലാ അര്‍ഥത്തിലും പുനര്‍ജന്മമാണ്.
2014 മേയ് 19നാണ് അപകടം സംഭവിച്ചത്. ജീവന്‍ തിരിച്ചുകിട്ടിയ കാലം പരിഗണിച്ചാല്‍ എനിക്കിത് രണ്ടാം ഓണം. എന്‍െറ റിട്ടയര്‍മെന്‍റും നടക്കുന്നത് ഈ പുനര്‍ജന്മത്തിലാണ്. കൊളീജിയറ്റ് എജുക്കേഷന്‍ വകുപ്പില്‍ ലെയ്സണ്‍ ഓഫിസറായിരിക്കെയാണ് വിരമിച്ചത്. അസുഖക്കസേരയിലിരുന്നു വിടവാങ്ങി. നഷ്ടപ്പെട്ട ഓര്‍മകള്‍ തിരിച്ചുകിട്ടി, പരസഹായം കൂടാതെ നടക്കാനായി. എങ്കിലും പൂര്‍ണ ആരോഗ്യവാനല്ല. ഏകാന്തതയെ ഭേദിക്കാന്‍ സോഷ്യല്‍ മീഡിയയും എന്‍െറ സഹായത്തിനുണ്ട്. കൂടെ ചില എഴുത്തുകുത്തുകളും മേല്‍പറഞ്ഞ ഓണംപോലുള്ള ഓര്‍ക്കാന്‍ സുഖമുള്ള ആഘോഷങ്ങളും.
എഴുത്തും ചിത്രവും: ഫഹീം ചമ്രവട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.