സുപ്രീംകോടതിയില്‍ തന്നെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നില്ല -അഡ്വ. സുരേശന്‍

കൊച്ചി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകാനുള്ള പ്രോസിക്യൂട്ടറായോ സ്റ്റാന്‍ഡിങ് കോണ്‍സലിന്‍െറ സഹായിയായോ തന്നെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നില്ളെന്ന് സൗമ്യ വധക്കേസ് മുന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍ വെളിപ്പെടുത്തി. സുപ്രീംകോടതിയില്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനെ സഹായിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവാണ് ഇറക്കിയതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് താന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. 2015 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായത്. ഉത്തരവില്‍ വ്യവസ്ഥകള്‍ വ്യക്തമാക്കുകയോ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയുകയോ ചെയ്തിരുന്നില്ല. തന്‍െറ ജോലി നിര്‍വചിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍, ഹൈകോടതിയില്‍ ഹാജരാകാന്‍ തന്നെ നിയമിച്ചുകൊണ്ട് അന്ന് സര്‍ക്കാര്‍ വ്യക്തമായി ഉത്തരവിട്ടിരുന്നു.
ഉത്തരവില്ലാതെ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കഴിയില്ല. ഹൈകോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് സുപ്രീംകോടതിയിലേക്ക് നീട്ടിയാലും മതിയെന്ന് അവശ്യപ്പെട്ടു. എന്നാല്‍, നടപടിയുണ്ടായില്ല. ആദ്യം ഹാജരായ താനുമായി കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് സ്റ്റാന്‍ഡിങ് കോണ്‍സിലിന് നിര്‍ദേശവും നല്‍കിയില്ല. എങ്കിലും അന്നത്തെ സ്റ്റാന്‍ഡിങ് കോണ്‍സലുമായി താന്‍ നിരവധി തവണ ഫോണില്‍ കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. കേസ് സംബന്ധിച്ച രേഖകള്‍ പരിഭാഷപ്പെടുത്തി അയച്ചുകൊടുത്തു. രണ്ടുതവണ സ്വന്തം നിലയില്‍ ഡല്‍ഹിയില്‍ പോയി അദ്ദേഹവുമായി ചര്‍ച്ച നടത്തി.
 ഇതൊക്കെ ചെയ്തത് സൗമ്യയെ തന്‍െറ മകളുടെ സ്ഥാനത്ത്  കണ്ടതിനാലാണ്. സൗമ്യക്കും അമ്മക്കും നീതി കിട്ടാനാണ് താന്‍ ആത്മാര്‍ഥമായി ശ്രമിച്ചത്. സര്‍ക്കാര്‍ മാറിയിട്ടും തന്‍െറ നിയമനകാര്യത്തില്‍ വ്യക്തത ഉണ്ടായില്ല. സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി ചോദിച്ച ദിവസം രാവിലെയോ തലേന്ന് രാത്രിയോ ഇപ്പോഴത്തെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ തന്നെ ഫോണില്‍ വിളിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗമ്യയുടെ ശരീരം ഒരു അടിപ്പാവാട കൊണ്ട് മറച്ചിരുന്നു. അതേക്കുറിച്ചാണ് അദ്ദേഹം ആരാഞ്ഞത്. കേസ് വിശദമായി നോക്കിയെന്നും പഠിച്ചെന്നും അദ്ദേഹം പറയുകയും ചെയ്തു. പുതിയ സ്റ്റാന്‍ഡിങ് കോണ്‍സല്‍ വന്നത് താന്‍ അറിഞ്ഞിരുന്നില്ല.
നല്ല സാക്ഷിത്തെളിവുകളും സാഹചര്യത്തെളിവുകളുമുള്ള കേസാണിത്. സാഹചര്യത്തെളിവുകള്‍ കോടതിയില്‍ സംസാരിക്കണം. അതിന്‍െറ ചങ്ങലക്കണ്ണികള്‍ കൂട്ടിയിണക്കുകയും വേണം. അല്ലാതെ അതേക്കുറിച്ച് ആരെങ്കിലും സംസാരിച്ചിട്ട് കാര്യമില്ല. ഏത് ക്രൂരകൃത്യം ചെയ്താലും സുപ്രീംകോടതിയില്‍ പോയാല്‍ രക്ഷപ്പെടാമെന്ന സന്ദേശമാണ് ഇപ്പോഴത്തെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത് -സുരേശന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.