കോടതി പിരിഞ്ഞിട്ടും വാദം തീരാതെ...

തൃശൂര്‍: ഡല്‍ഹിയില്‍ ഒരു രാത്രി ബസ് യാത്രക്കിടെ ‘നിര്‍ഭയ’ ക്രൂരമായി കൊല്ലപ്പെടുന്നതിനും മുമ്പായിരുന്നു കേരളത്തില്‍ അതുപോലൊരു രാത്രി, വീട്ടിലത്തൊന്‍ ട്രെയിനില്‍ പോയ സൗമ്യയെന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇതുവരെ നമ്മള്‍ ആ മരണത്തെ വധമെന്നും കേസിനെ വധക്കേസെന്നും ഗോവിന്ദച്ചാമിയെ പ്രതിയെന്നും വിളിച്ചു. ഈമാസം എട്ടിന് ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ സുപ്രീംകോടതി ചില സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ തുടങ്ങിയ സന്ദേഹം ഇന്നലത്തെ വിധിയോടെ ശരിയായി വന്നു. സര്‍ക്കാറിന്‍െറ പുന$പരിശോധനാ ഹരജി ചെന്ന് മറ്റൊരു വിധി വന്നാലല്ലാതെ ഇനി സൗമ്യയുടെ മരണം കൊലപാതകമല്ല, അതൊരു ‘വധക്കേസ്’ അല്ല; ഗോവിന്ദച്ചാമി കൊലപാതകിയുമല്ല.
ദൃക്സാക്ഷികളില്ലാത്ത നിരവധി കേസുകള്‍ പ്രോസിക്യൂഷന്‍െറ മിടുക്കുകൊണ്ട് തെളിയിക്കപ്പെടുന്ന ഇക്കാലത്ത് സൗമ്യ കേസില്‍ ഇത്തരമൊരു വിധിക്ക് വഴിവെച്ചത് കോടതി പിരിഞ്ഞിട്ടും വാദം അവസാനിക്കാത്ത നമ്മുടെ സംവിധാനങ്ങളുടെ പിഴവുകളാണ്.
കൊന്നതിന് തെളിവുചോദിച്ച സുപ്രീംകോടതി, പ്രോസിക്യൂഷനെ തള്ളി വിധി പറഞ്ഞിട്ടും  തര്‍ക്കം അവസാനിക്കുന്നില്ല. തര്‍ക്കം രാഷ്ട്രീയമായും വളരുന്നു. വിചാരണക്കോടതിയിലും ഹൈകോടതിയിലും ഹാജരായ അഡ്വ. എ. സുരേശനെ സുപ്രീംകോടതിയില്‍ സഹകരിപ്പിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നതെങ്കില്‍ സുപ്രീംകോടതിയിലെ പ്രോസിക്യൂട്ടര്‍ മൂന്നുതവണ ബന്ധപ്പെട്ടപ്പോഴും അഡ്വ. സുരേശന്‍ തിരക്കുപറഞ്ഞ് ഒഴിഞ്ഞതായാണ് നിയമമന്ത്രി എ.കെ. ബാലന്‍ പറയുന്നത്.
അതേസമയം, കേസില്‍ പ്രോസിക്യൂഷന് സഹായകമാകേണ്ടിയിരുന്ന ഘടകങ്ങള്‍ ഇപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസു വിധിയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കാന്‍ ഇടയാക്കി. വിചാരണക്കോടതിയില്‍ ഒരാള്‍ കൂറുമാറിയതുമുതല്‍ അട്ടിമറി തുടങ്ങിയെന്ന ഡോ. ഷേര്‍ളിയുടെ പ്രസ്താവന, പഴയ വിവാദത്തിന്‍െറ ആവര്‍ത്തനമാണ്.
അന്ന് ഡോ. ഷേര്‍ളി പോസ്റ്റ്മോര്‍ട്ടം വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ ഫോറന്‍സിക് സര്‍ജന്‍ താനാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് ധരിപ്പിച്ചത് കേസിനെ ബാധിച്ചുവെന്ന വിവാദം ഇന്നും തുടരുകയാണ്.
സൗമ്യ മരിക്കുമ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറും ഡെപ്യൂട്ടി പൊലീസ് സര്‍ജനുമായിരുന്ന ഡോ. ഹിതേഷ് ശങ്കര്‍ ഇത് എതിര്‍ക്കുകയാണ്. ശാസ്ത്രീയ തെളിവുകളും മൊഴികളും ചിതറിക്കിടക്കുന്ന, ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഡോ. ഷേര്‍ളി പറയുന്ന കാര്യങ്ങള്‍ കേസിന്‍െറ നേരായ പോക്കിന് എതിരാണെന്ന് ഡോ. ഹിതേഷ് പറയുന്നു.
ഫോറന്‍സിക് പരിശോധനയില്‍ എല്ലാ തെളിവുകളും ലഭിക്കില്ല. ലഭ്യമായ ശാസ്ത്രീയ തെളിവുകളെ ആധാരമാക്കി കേസ് നടത്തുകയാണ് വേണ്ടത്. തുടര്‍ച്ച മുറിഞ്ഞാല്‍ കേസ് തടസ്സപ്പെടും. അതേസമയം, സുപ്രീംകോടതിയില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചിട്ടില്ളെന്നും മറിച്ച് വിചാരണക്കോടതിയില്‍ പരിഹാസ്യമായാണ് കേസ് നടത്തിയതെന്നും ഡോ. ഹിതേഷ് കുറ്റപ്പെടുത്തുന്നു.
വിധി പറഞ്ഞ കേസില്‍ അടിസ്ഥാന തര്‍ക്കങ്ങള്‍ തുടരുമ്പോള്‍, പുന$പരിശോധനാ ഹരജി നല്‍കിയാല്‍ കേസിന്‍െറ തുടര്‍നടത്തിപ്പ് എങ്ങനെയായിരിക്കും എന്നതാണ് കാണാനിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.