കൊച്ചി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ സഹായിക്കാന്‍ മുന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുരേശനെ രണ്ട് തവണ ക്ഷണിച്ചിട്ടും വരാന്‍ വിസമ്മതിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പ്രോസിക്യൂഷനെ സഹായിക്കാനായി ചുമതലപ്പെടുത്തിയിരുന്ന സുരേശനെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷേ രാജന്‍ ശൊങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍, ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയംഗമെന്ന നിലയിലുള്ള ജോലികളുടെ തിരക്കിലായതിനാല്‍ അസൗകര്യമുണ്ടെന്ന് വ്യക്തമാക്കി ഒഴിവാകുകയായിരുന്നു. സൗമ്യ കേസില്‍ വിചാരണ കോടതിയിലും ഹൈകോടതിയിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്ന നിലയിലാണ് സുപ്രീംകോടതിയിലും ഈ കേസില്‍ അദ്ദേഹത്തിന്‍െറ സഹായം തേടിയത്. സുരേശന്‍െറ സഹായം തേടിയതായി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഫോണ്‍ കാള്‍ പട്ടിക ലഭ്യമാക്കാന്‍ കഴിയുമെന്നും കിട്ടിയാലുടന്‍ കൈമാറാമെന്നും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ മാധ്യമങ്ങള്‍ക്കുള്‍പ്പെടെ കൈമാറും.
സൗമ്യ വധക്കേസ് പരിഗണിക്കുന്ന സമയത്ത് സുപ്രീംകോടതി അഭിഭാഷകനായ തോമസ്. പി. ജോസഫ് കേസിന്‍െറ കാര്യങ്ങള്‍ നന്നായി അറിയാവുന്ന അഡ്വ. സുരേശന്‍െറ സഹായം ലഭിച്ചാല്‍ നന്നാവുമെന്ന് പറഞ്ഞു. തുടര്‍ന്നാണ് സുരേശനെ വിളിച്ചത്. എന്നാല്‍, അസൗകര്യമുണ്ടെന്നായിരുന്നു മറുപടി. പിന്നീട് ചോദിക്കുന്ന ഫീസ് നല്‍കാമെന്നും കേസില്‍ സഹായിക്കണമെന്നുംപറഞ്ഞ് വീണ്ടും വിളിച്ചു. അപ്പോഴും ഇതു തന്നെയായിരുന്നു മറുപടി.
സൗമ്യവധക്കേസില്‍ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ തിരുത്തല്‍ ഹരജി നല്‍കുന്നതിന്‍െറ സാധ്യതകള്‍ പരിശോധിച്ചുവരുകയാണ്. ഇക്കാര്യത്തില്‍ ഏത് ഹരജി നല്‍കണമെന്നത് സംബന്ധിച്ച് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കും. കേസ് തുടര്‍ന്നു നടത്താന്‍ കുറേക്കൂടി മികച്ച അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അഭിഭാഷകന്‍ നല്ല രീതിയില്‍ തന്നെയാണ് കേസ് വാദിച്ചത്. അദ്ദേഹത്തെ മാറ്റുന്നത് കേസ് നടത്തിപ്പിലെ അപാകത കൊണ്ടല്ല.
എങ്കിലും കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. സുപ്രധാന സാക്ഷിയെ കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സൗമ്യ ചാടുന്നത് കണ്ടെന്ന് പറഞ്ഞയാളുടെ മൊഴിയെടുത്തില്ല. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും താല്‍പര്യം ഇക്കാര്യത്തില്‍ സര്‍ക്കാറിനുമുണ്ട്. മുഖ്യമന്ത്രിയും നിയമ മന്ത്രിയുമുള്‍പ്പെടെയുള്ളവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.