തിരുവനന്തപുരം: മനപ്പൂര്‍വമോ നിസ്സാര കാരണങ്ങളാലോ വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നോട്ടീസ്. മൂന്ന് കോളജ് അധികൃതരോട് നേരിട്ട് ഹാജരാകാനും കമ്മിറ്റി നിര്‍ദേശം നല്‍കി. വ്യാപക പരാതികള്‍ ഉയര്‍ന്ന എറണാകുളം ശ്രീനാരായണ, തൊടുപുഴ അല്‍ അസ്ഹര്‍, കൊല്ലം അസീസിയ കോളജുകളോടാണ് 20ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പരാതിക്കാരായ വിദ്യാര്‍ഥികളെയും വിളിപ്പിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ കൗണ്‍സലിങ്ങില്‍ പങ്കെടുപ്പിക്കാനും ജയിംസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ ഇത്തരം വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിക്കണം. മതിയായ കാരണമില്ലാതെ അപേക്ഷ തള്ളി, താരതമ്യേന റാങ്ക് കുറഞ്ഞവര്‍ക്ക് പ്രവേശം നല്‍കുന്നെന്ന പരാതികളത്തെുടര്‍ന്നാണ് കമ്മിറ്റിയുടെ നടപടി. 521 പരാതിയാണ് ലഭിച്ചത്. പട്ടിക പ്രസിദ്ധീകരിച്ചതില്‍ ന്യൂനതയുള്ള കോളജുകള്‍ക്കും കമ്മിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച ഒന്നാംവട്ട കൗണ്‍സലിങ് നടത്തിയ കോളജുകള്‍ അപേക്ഷ നിരസിക്കപ്പെട്ടവരെ രണ്ടാംവട്ട കൗണ്‍സലിങ്ങിലോ അതിനുമുമ്പോ പരിഗണിക്കണമെന്നാണ് കമ്മിറ്റി നിര്‍ദേശം. പ്രവേശനടപടി പൂര്‍ത്തിയാക്കാന്‍ 30വരെ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലും സമയം അനുവദിച്ചിട്ടുണ്ട്.
കമ്മിറ്റി അംഗീകരിച്ചുനല്‍കിയ പ്രോസ്പെക്ടസും നേരത്തേ നല്‍കിയ പൊതുനിര്‍ദേശവും അനുസരിച്ച്, അപേക്ഷയില്‍ ന്യൂനതയുണ്ടെങ്കില്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സമയം നല്‍കേണ്ടതുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് കോളജുകള്‍ പ്രവേശ നടപടികളുമായി മുന്നോട്ടുപോയത്. അത്തരം കോളജുകള്‍ ന്യൂനത പരിഹരിക്കാന്‍ സമയം അനുവദിച്ച് വിദ്യാര്‍ഥികളെ കൗണ്‍സലിങ്ങില്‍ പങ്കെടുപ്പിക്കാനാണ് കമ്മിറ്റി ആവശ്യപ്പെട്ടത്.
അപേക്ഷകരുടെ പൂര്‍ണവിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്ത ഒറ്റപ്പാലം പി.കെ. ദാസ്, ഡി.എം വയനാട്, ട്രാവന്‍കൂര്‍, എസ്.യു.ടി, ശ്രീഗോകുലം, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ കമ്മിറ്റി നടപടി സ്വീകരിക്കും. ബാങ്ക് ഗാരന്‍റി നല്‍കിയില്ളെന്ന പേരില്‍ അപേക്ഷ നിരസിച്ച വിദ്യാര്‍ഥികളെ ശനിയാഴ്ചത്തെ കൗണ്‍സലിങ്ങിന് പരിഗണിക്കാന്‍ എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കി. മെറിറ്റ് അടിസ്ഥാനത്തില്‍ ഈ വിദ്യാര്‍ഥികളെയും പരിഗണിക്കാനാണ് ആവശ്യപ്പെട്ടത്. ബാങ്ക് ഗാരന്‍റി സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈമാസം 19വരെ അപേക്ഷ സ്വീകരിക്കാന്‍ സമയം നീട്ടി നല്‍കിയ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അപേക്ഷകര്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇപ്പോള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍െറ വെബ്സൈറ്റ് ലിങ്കായ http://mpcma.in വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത്. ചില കോളജുകള്‍ അപേക്ഷകരില്‍നിന്ന് തലവരിപ്പണം ആവശ്യപ്പെട്ടെന്ന പരാതികളില്‍ തെളിവ് ഹാജരാക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.