കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീറുൽ ഇസ് ലാമല്ലെന്ന് സഹോദരൻ ബദറുൽ ഇസ് ലാം. അമീറിന്‍റെ സുഹൃത്തായ അനാറുൽ ഇസ് ലാമാണ് കൊലപാതകം നടത്തിയത്. കൃത്യം ചെയ്യുമ്പോൾ അമീർ ഒപ്പമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ സഹോദരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബദർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ജയിലിൽവെച്ച് കണ്ടപ്പോഴും ഈ കാര്യം അമീർ പറഞ്ഞിരുന്നു. അമീറിന് ജിഷയുമായി മുൻപരിചയമില്ല. അനാറിന് ജിഷയുടെ കുടുംബത്തോട് മുൻ വൈരാഗ്യമുണ്ടായിരുന്നു. അനാർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ബദർ പറഞ്ഞു.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അമീറിന്‍റെ സഹോദരൻ ബദറുൽ ഇസ് ലാമിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അമീറിന്‍റെ സ്വഭാവ വൈകൃതങ്ങളെ കുറിച്ചറിയാനാണ് ബദറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അന്വേഷണ സംഘം പിന്നീട് വിട്ടയക്കുകയായിരുന്നു. പൊരുമ്പാവൂരിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് ബദറുൽ ഇസ് ലാം.
അതേസമയം, പ്രതി അമീറുല്‍ ഇസ്ലാം തന്‍െറ സുഹൃത്തെന്ന് പൊലീസിനോട് പറഞ്ഞ അനാറുല്‍ ഇസ്ലാം അയാള്‍ കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കുറ്റകൃത്യത്തിന് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടത് അനാറാണെന്ന് പ്രതി നേരത്തേ മൊഴി നല്‍കിയിരുന്നു. അനാറുമൊന്നിച്ച് മദ്യപിച്ചപ്പോഴാണ് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്നായിരുന്നു ആദ്യ മൊഴി.
കൃത്യത്തിനു ശേഷം അനാറുമൊന്നിച്ചാണ് അസമിലേക്ക് കടന്നതെന്നും അസമില്‍നിന്ന് പൊലീസിനെ കബളിപ്പിച്ച് അനാര്‍ രക്ഷപ്പെട്ടെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അനാര്‍ എന്ന പേരില്‍ അമീറുല്‍ ഇസ്ലാമിന് സുഹൃത്തില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.