പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ അനധികൃത നിയമനം സംബന്ധിച്ച ത്വരിത പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തൃശൂര്‍ വിജിലന്‍സ് കോടതിയിൽ സമര്‍പ്പിച്ചു. മുന്‍ സ്പെഷല്‍ ഓഫിസര്‍ എസ്. സുബ്ബയ്യയെ ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പട്ടികജാതി ക്ഷേമമന്ത്രി എ.പി. അനില്‍കുമാര്‍ തുടങ്ങിയവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിശദ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഇരുവരെയും പ്രതി ചേർത്താൽ മതിയെന്ന നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്.
അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്നുള്ള വിജിലന്‍സ് ശിപാര്‍ശ നിലനില്‍ക്കെ നിയമനം സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് യുവമോര്‍ച്ച മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്‍റ് പി. രാജീവ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഒരു മാസത്തിനകം ത്വരിത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 19ന് കോടതി ഉത്തരവിട്ടിരുന്നു.
പട്ടിജകാതി വകുപ്പിന്‍െറ കോര്‍പസ് ഫണ്ടില്‍ 800 കോടിയോളം രൂപ ചെലവഴിച്ചാണ് പാലക്കാട് യാക്കരയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും പട്ടികജാതി ക്ഷേമമന്ത്രി വൈസ് ചെയര്‍മാനുമായ ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് സ്ഥാപനത്തിന്‍െറ നിയന്ത്രണാധികാരം. അധ്യാപക-അനധ്യാപക തസ്തികകളില്‍ ഇതുവരെ ഇരുനൂറോളം നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പി.എസ്.സി മുഖേനെ ഒരാളെ പോലും നിയമിച്ചിട്ടില്ല. റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പോലുമില്ലാതെ നടന്ന നിയമനങ്ങള്‍ക്ക് ഉന്നതര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയതായി ആരോപണമുണ്ട്.
പാലക്കാട്, തിരുവനന്തപുരം ജില്ലാ വിജിലന്‍സ് വിഭാഗങ്ങളാണ് പരിശോധന പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോയെന്നത് അടക്കമുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്. മെഡിക്കല്‍ കോളജില്‍ നടന്ന നിയമനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിയമസാധുതയാണ് പാലക്കാട് വിജിലന്‍സിന്‍െറ അന്വേഷണ പരിധിയിലുണ്ടായിരുന്നത്.
സി.ഐ കെ. വിജയകുമാറിന്‍െറ നേതൃത്വത്തിലാണ് പാലക്കാട്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഹരജിക്കാരനായ പി. രാജീവ്, സാക്ഷികളായ ഇ.പി. നന്ദകുമാര്‍, മണികണ്ഠന്‍, ആരോപണവിധേയനായ എസ്. സുബ്ബയ്യ എന്നിവരില്‍നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളജിലെത്തി രേഖകളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.