കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി.എം. രാധാകൃഷ്ണനെ കേന്ദ്ര എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ചോദ്യംചെയ്തു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറും സംഘവുമാണ് കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ഓഫിസില്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചരവരെ നീണ്ടു.
മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനെതിരെ വിവിധ കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാധാകൃഷ്ണന്‍െറ പങ്ക് വ്യക്തമാക്കി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. അഴിമതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ എന്‍ഫോഴ്സ്മെന്‍റിന് സ്വമേധയാ കേസെടുക്കാം. ഇപ്രകാരമാണ് രാധാകൃഷ്ണന്‍െറ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്‍ഡ്രിങ് ആക്ട് പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.
20 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്‍െറ കണ്ടത്തെല്‍. ഇത്രയും പണം എവിടെ ചെലവഴിച്ചുവെന്നതിനെക്കുറിച്ചാണ് പരിശോധിക്കുന്നത്. കേസിന്‍െറ ആദ്യഘട്ടമെന്ന നിലയിലാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഈ ആഴ്ച വീണ്ടും രാധാകൃഷ്ണനെ ചോദ്യംചെയ്യും. കൂടാതെ സാക്ഷികളുടെയും മറ്റ് പ്രതികളുടെയും വിവരങ്ങളും എന്‍ഫോഴ്സ്മെന്‍റ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സാക്ഷികളില്‍നിന്നും മറ്റും മൊഴിയെടുക്കും.
സിമന്‍റ് പാക് ചെയ്ത് വിപണനം ചെയ്യുന്നതിനായി ലാമിനേറ്റഡ് ബാഗ് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 2003 മുതല്‍ 2007 വരെ കാലയളവില്‍ മുംബൈ ആസ്ഥാനമായ ഋഷി പാക്കേഴ്സ് ലിമിറ്റഡില്‍നിന്ന് അധികവില നല്‍കി ബാഗ് വാങ്ങിയത് വഴി മലബാര്‍ സിമന്‍റ്സിന് കോടികളുടെ നഷ്ടം സംഭവിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.