ഇന്നത്തെ മെഡിക്കല്‍, ഡെന്‍റല്‍ സ്പോട്ട് അലോട്ട്മെന്‍റ് പ്രഹസനമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍  കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശ പരീക്ഷാ കമീഷണര്‍ ശനിയാഴ്ച നടത്തുന്ന സ്പോട്ട് അലോട്ട്മെന്‍റ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണമാകും. സ്പോട്ട് അലോട്ട്മെന്‍റില്‍ വിദ്യാര്‍ഥികള്‍ക്ക് പുതുതായി അലോട്ട്മെന്‍റ് ലഭിക്കുകയോ നിലവിലെ അലോട്ട്മെന്‍റില്‍ മാറ്റം വരുകയോ ചെയ്താല്‍ അവര്‍ തിങ്കളാഴ്ച അഞ്ചിനകം പുതിയ കോളജില്‍ പ്രവേശം നേടണമെന്ന നിര്‍ദേശമാണ് വിനയാകുന്നത്. പുതിയ കോളജില്‍ പ്രവേശം നേടുന്നതിന് മതിയായ സമയം അനുവദിക്കാത്തതിനാല്‍ സ്പോട്ട് അലോട്ട്മെന്‍റ് തന്നെ പ്രഹസനമാകുമെന്നാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പറയുന്നത്. നിലവില്‍ മറ്റൊരു കോളജില്‍ പ്രവേശം നേടിയ വിദ്യാര്‍ഥിക്ക് സ്പോട്ട് അലോട്ട്മെന്‍റില്‍ മെച്ചപ്പെട്ട കോളജിലേക്കോ കോഴ്സിലേക്കോ മാറ്റം ലഭിച്ചാല്‍ വട്ടംചുറ്റും.

നിലവിലെ കോളജില്‍നിന്ന് ടി.സി വാങ്ങിയ ശേഷമേ സ്പോട്ട് അലോട്ട്മെന്‍റ് ലഭിച്ച കോളജില്‍ പ്രവേശം നേടാനാകൂ. ശനിയാഴ്ച തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പഴയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ വിദ്യാര്‍ഥികള്‍ പുതിയ കോളജില്‍ പ്രവേശം നേടണം. അപ്പോഴേക്കും എങ്ങനെ ടി.സി സമ്പാദിക്കും എന്ന ചോദ്യത്തിന് പ്രവേശ പരീക്ഷാ കമീഷണറേറ്റിന് മറുപടിയില്ല.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും വിദ്യാര്‍ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റിനായി തിരുവനന്തപുരത്തത്തെും. വടക്കന്‍ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥിക്ക് സ്പോട്ട് അലോട്ട്മെന്‍റ് ലഭിച്ചാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസമായ തിങ്കളാഴ്ച വിദ്യാര്‍ഥി ടി.സി വാങ്ങുകയും പുതിയ കോളജില്‍ വൈകീട്ട് അഞ്ചിനകം പ്രവേശം നേടുകയും വേണം.

ഞായറാഴ്ച അവധിയായതിനാല്‍ കോളജുകളില്‍നിന്ന് ടി.സി ലഭിക്കില്ല. പുതിയ കോളജില്‍ പ്രവേശം നേടുമ്പോള്‍ ടി.സിയും അനുബന്ധരേഖകളും സമര്‍പ്പിക്കാന്‍ രണ്ടുദിവസത്തെ സാവകാശം കൂടി അനുവദിച്ചാല്‍ പ്രശ്നം പരിഹരിക്കാം. ഇതിന് പ്രവേശ പരീക്ഷാ കമീഷണറേറ്റ് തയാറായിട്ടില്ല.
സര്‍ക്കാര്‍ ക്വോട്ടയില്‍ എം.ബി.ബി.എസിന് 78ഉം ബി.ഡി.എസിന് 219ഉം സീറ്റാണ് ഒഴിവുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ ബി.ഡി.എസിന് പ്രവേശം നേടിയ ഉയര്‍ന്ന റാങ്കുകാരായിരിക്കും ഒഴിവുള്ള എം.ബി.ബി.എസ് സീറ്റുകളിലേക്ക് ശ്രമിക്കുക. ഇത്തരത്തില്‍ പ്രവേശം നേടുന്നവരെല്ലാം തിങ്കളാഴ്ചക്കകം ടി.സി തേടി നെട്ടോട്ടമോടിയാലും പുതിയ കോളജില്‍ പ്രവേശം നേടാന്‍ സാധിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.