ടൈറ്റാനിയം അഴിമതിക്കേസ്; അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ്. അന്വേഷണ പുരോഗതി അറിയിച്ച് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ ജയന്‍െറ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രണ്ടുമാസത്തിനു ശേഷം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു. ടൈറ്റാനിയം ആസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയ ഫയലുകളുടെ പരിശോധന തുടരും. മാലിന്യ നിര്‍മാര്‍ജനത്തിലെ പ്രധാന ഇനമായ ആസിഡ് റിക്കവറി പ്ളാന്‍റുമായി ബന്ധപ്പെട്ട ഫയലുകള്‍ നേരത്തേ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കണ്ടത്തെിയ ഈ ഫയലുകളുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. അന്വേഷണത്തിന്‍െറ ഭാഗമായി എഫ്.എ.സി.ടിയില്‍നിന്ന് വിദഗ്ധരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ എം.ഡി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നേരത്തേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ടൈറ്റാനിയം എം.ഡി, മുന്‍ എം.ഡി ഈപ്പന്‍ ജോസഫ്, ഡയറക്ടര്‍മാരായിരുന്ന എ.എം. ഭാസ്കരന്‍, തോമസ് മാത്യു, സന്തോഷ് കുമാര്‍, ഗോപകുമാര്‍ നായര്‍ എന്നിവരെയാണ് ആദ്യം പ്രതി ചേര്‍ത്തത്.  ടൈറ്റാനിയം മാലിന്യ പ്ളാന്‍റ് സ്ഥാപിച്ചതില്‍ 360 കോടിയുടെ അഴിമതി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് 2014 സെപ്റ്റംബര്‍ 14ന് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.