വി.ജെ. കുര്യനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) എം.ഡി വി.ജെ. കുര്യനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈകോടതി സി.ബി.ഐയുടെ നിലപാട് തേടി. മാറി വരുന്ന സര്‍ക്കാറുകളെ സ്വാധീനിച്ച് വിമാനത്താവളത്തിന്‍െറ തലപ്പത്ത് സ്ഥിരമായി തുടരുന്ന വി.ജെ. കുര്യന്‍ നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ എം.ആര്‍. അജയന്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് സി.ബി.ഐയോട് വിശദീകരണം തേടിയത്.
പതിനഞ്ചു വര്‍ഷമായി സിയാല്‍ എം.ഡിയായി തുടരുന്ന വി.ജെ. കുര്യന്‍ വി.എസ.് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മാത്രമാണ് ഈ ചുമതലക്ക് പുറത്തായിട്ടുള്ളത്. വിമാനത്താവളത്തിലെ നിയമനങ്ങളിലും കരാര്‍ നല്‍കുന്നതിലും ക്രമക്കേട് നടത്തി അനധികൃത ധന സമ്പാദനം നടത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിനോടു ചേര്‍ന്ന് 15.04 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിക്കാതെ ജര്‍മന്‍ കമ്പനിക്ക് നേരിട്ട് കരാര്‍ നല്‍കുകയാണ് ചെയ്തത്. കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ ഡയറക്ടര്‍ കൂടിയായ കുര്യനെതിരെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യം സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കെ വീണ്ടും വിമാനത്താവള എം.ഡിയായി തുടരാനുള്ള നീക്കങ്ങള്‍ കുര്യന്‍ നടത്തുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍, സി.ബി.ഐ, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാറിന് പരാതി അയച്ചത്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.