കേരളത്തിലെ റോഡുകളുടെ നിര്‍മാണം അശാസ്ത്രീയം –നിതിന്‍ ഗഡ്കരി

കോട്ടയം: കേരളത്തിലെ റോഡുകളുടെ നിര്‍മാണം അശാസ്ത്രീയമാണെന്നും ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അപകടങ്ങള്‍ക്കു കാരണമാകുന്ന ഇത്തരം റോഡുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. കൊച്ചിയില്‍നിന്ന് കുമരകത്തേക്കുള്ള യാത്രയില്‍ തനിക്ക് ഇത് നേരിട്ട് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കുമരകത്ത് ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാഹന പെരുപ്പത്തിന് അനുസരിച്ച് റോഡുകളുടെ വീതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കുറഞ്ഞ നിര്‍മാണച്ചെലവില്‍ തന്നെ റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയണം. ഇതിന്‍െറ ഭാഗമായി പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നത് ആലോചിക്കുകയാണ്. ന്യൂഡല്‍ഹിയിലെ ഗാസിയാബാദില്‍ കുന്നുകൂടിയ മാലിന്യം ഉപയോഗിച്ചാണ് ഡല്‍ഹി-മീററ്റ് ഹൈവേ നിര്‍മിക്കുന്നത്. കേന്ദ്രത്തിന്‍െറയും സംസ്ഥാന സര്‍ക്കാറുകളുടെ തുല്യപങ്കാളിത്തത്തോടെ രാജ്യത്ത് രണ്ടായിരത്തോളം റെയില്‍വേ പാലങ്ങളും മേല്‍പാലങ്ങളും നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി സംസ്ഥാനങ്ങള്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണം. ഈ സര്‍ക്കാറിന്‍െറ കാലാവധി കഴിയുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ മൂന്നു ശതമാനം റോഡ് മേഖലയുടെ സംഭാവനയാകുമെന്നും ഗഡ്കരി പറഞ്ഞു. റോഡ് നിര്‍മാണ രംഗത്തെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.