സ്വാശ്രയ മെഡി. പ്രവേശം: അപ്പീലില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് ഉപാധികളോടെ സ്വന്തംനിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി വിധി ബുധനാഴ്ച ഉണ്ടാകും. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ കേരള, ബോംബെ ഹൈകോടതികളുടെ ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും നല്‍കിയ ഹരജികളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറയും മഹാരാഷ്ട്ര സര്‍ക്കാറിന്‍െറയും വാദം ചൊവ്വാഴ്ച പൂര്‍ത്തിയായി.

ജസ്റ്റിസുമാരായ എ.കെ. സിക്രി, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മാനേജ്മെന്‍റുകളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത കൗണ്‍സലിങ് വേണമെന്ന കേന്ദ്ര നിലപാടിനുള്ള പിന്തുണ കേരളം ബുധനാഴ്ച സുപ്രീംകോടതിയില്‍ അറിയിക്കുമെന്നാണ് സൂചന. അമൃത കല്‍പിത സര്‍വകലാശാലയില്‍ സ്വന്തംനിലക്ക് നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹരജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ മാനേജ്മെന്‍റുകളുടെ പ്രത്യേക കൗണ്‍സലിങ്  യു.ജി.സി ചട്ടങ്ങളുടെയും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍െറ വിധിയുടെയും ലംഘനമാണെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ കേന്ദ്രീകൃത കൗണ്‍സലിങ്ങിലൂടെ മാത്രം പ്രവേശം നടത്തണമെന്നുമാണ് അപ്പീലില്‍ കേന്ദ്രം വാദിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.