താ​നൂ​ർ തൂ​വ​ൽ​തീ​രം അ​ഴി​മു​ഖം

22 ജീവൻ പൊലിഞ്ഞതോടെ ആളൊഴിഞ്ഞ് തൂവൽ തീരം

തിരൂർ: ബോട്ടപകടത്തിൽ 22 ജീവൻ പൊലിഞ്ഞതോടെ ആളൊഴിഞ്ഞ് തൂവൽ തീരം. ചൊവ്വാഴ്ച തൂവൽ തീരവും പാർക്കും ഏറക്കുറെ വിജനമായിരുന്നു. പൊതുവെ അവധി ദിനങ്ങളല്ലാത്തപ്പോഴും വൈകീട്ട് കടൽ ഭംഗി ആസ്വദിക്കാനും പാർക്കിൽ സമയം ചെലവഴിക്കാനും നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.

ഫ്ലോട്ടിങ് ബ്രിഡ്ജ് കൂടി തുറന്നതോടെ തൂവൽ തീരത്ത് എത്തുന്ന ആളുകളുടെ എണ്ണത്തിലും വൻ വർധനവുണ്ടായിരുന്നു. എന്നാൽ, ഞായറാഴ്ചയുണ്ടായ ബോട്ടപകടം വൻ ദുരന്തത്തിനിടയാക്കുകയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ സഞ്ചാരികളായ 22 പേരുടെ ജീവൻ നഷ്ടമാവുകയും ചെയ്തതോടെയാണ് തൂവൽ തീരം ആൾ തിരക്കൊഴിഞ്ഞത്. 

അപകടം വരുത്തിവെച്ച ആഘാതത്തിൽ നിന്ന് തീരം മോചിതമായില്ല

പരപ്പനങ്ങാടി: തകർന്ന ബോട്ടും രക്ഷാപ്രവർത്തകരും കരകയറിയിട്ടും അപകടം വരുത്തിവെച്ച ആഘാതത്തിൽ നിന്ന് തീരം മോചിതമായില്ല. താനൂർ ഒട്ടുംപുറം തൂവൽ തീരത്തിനടുത്ത കെട്ടുങ്ങൽ അഴിമുഖത്ത് ഞായറാഴ്ച ഉല്ലാസബോട്ട് മറിഞ്ഞ് 22 ജീവനുകളാണ് പുഴ വിഴുങ്ങിയത്. ദുരന്തത്തിൽ ഒരുകുടുംബത്തിലെ 11 പേർക്കും ജീവിതം നഷ്ടമായി. എട്ടുമാസം പ്രായമായ കൈക്കുഞ്ഞ് മുതൽ പൊലീസുകാരനടക്കം മരണക്കയത്തിലേക്ക് വീണ ജലദുരന്തം തീരത്തിന് പെട്ടെന്ന് മറക്കാനാവില്ല.

പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സൈതലവിയുടെ ഭാര്യയും നാലുമക്കളും സഹോദരൻ സിറാജിന്റെ ഭാര്യയും മൂന്നുമക്കളും ഇവരുടെ ബന്ധു കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും മകനുമുൾെപ്പടെ ഒരുവീട്ടിൽനിന്ന് 11 പേർ പടിയിറങ്ങിയ കുന്നുമ്മൽ വീട്ടിലെ ഒറ്റമുറിയിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സങ്കടം തളംകെട്ടി ഒഴുകുകയാണ്. സൈതലവിയുടെയും സിറാജിന്‍റെയും ഉമ്മ റുഖിയ ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തിലാണ്. ഇവരുടെ കരഞ്ഞുകലങ്ങിയ കണ്ണുകളും ചങ്കിടറിയ വാക്കുകളും ഹൃദയഭേദകമാണ്.

മരണവീട്ടിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി. അബ്ദുല്ല മുസ്‍ലിയാർ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, മുസ്‍ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ പി.എസ്.എച്ച്. തങ്ങൾ, ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, രവി തേലത്ത്, ഐ.എൻ.എൽ മലപ്പുറം ജില്ല സമിതി അംഗം തേനത്ത് സെയ്തുമുഹമ്മദ്, പി.ഡി.പി മണ്ഡലം അധ്യക്ഷൻ സക്കീർ പരപ്പനങ്ങാടി, വെൽഫെയർ പാർട്ടി നേതാക്കളായ നാസിർ കേയി, രായിങ്കാനകത്ത് ഹംസ തുടങ്ങിയവരെത്തി.

എത്രപേർക്ക് ടിക്കറ്റ് നൽകിയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ തിങ്കളാഴ്ചയും കെട്ടുങ്ങൽ അഴിമുഖത്ത് അധികൃതർ തിരച്ചിൽ നടത്തിയിരുന്നു. ചെട്ടിപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ആയിഷാബിയും മൂന്ന് മക്കളും അപകടത്തിൽ മരിച്ചിരുന്നു. ആയിഷാബിയുട മാതാവ് സുബൈദയും മകൻ അഫ്രാനും ചികിത്സയിലാണ്.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരിച്ച താനൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സബറുദ്ദീന്റെ ചെറമംഗലം അറ്റത്തങ്ങാടിയിലെ വീട്ടിലും ആശ്വാസവാക്കുകളുമായി നിരവധി പേരെത്തി.

ഇദ്ദേഹത്തിന്റെ പറക്കമുറ്റാത്ത മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് വീട് സന്ദർശിച്ച ജമാഅത്തെ ഇസ്‍ലാമി നേതാക്കൾ അറിയിച്ചു.

Tags:    
News Summary - 22 lives were lost and Thuwal beach was deserted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.