കോഴിക്കോട്: ആവശ്യമായ വിശ്രമസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദക്ഷിണ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും സസ്പെൻഡ് ചെയ്തും റെയിൽവേ. സമരം 13ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജീവനക്കാരുമായി അനുരഞ്ജനത്തിന് ശ്രമിക്കാതെ കർശന നടപടിയുമായി മുന്നോട്ടുനീങ്ങുകയാണ് അധികാരികൾ. ദക്ഷിണ റെയിൽവേയിൽ നിന്ന് 23 പേരെയാണ് സസ്പെൻഡ് ചെയ്തത്. ഈറോഡ് നിന്ന് 19 പേരെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു. ചെന്നൈയിൽ നിന്ന് രണ്ടു പേരെയും പാലക്കാട് നിന്ന് ഒരാളെയും മംഗളൂരുവിൽ നിന്ന് ഒരാളെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ജോലിക്ക് ഹാജരായില്ല എന്നുകാണിച്ചാണ് സസ്പെൻഷൻ.
ചൊവ്വാഴ്ച പാലക്കാട് ഡിവിഷനിൽനിന്ന് മാത്രം ഒമ്പതു പേരെ സ്ഥലംമാറ്റി. രണ്ടു പേരെ കോഴിക്കോട് നിന്ന് മംഗളൂരുവിലേക്കും ഏഴു പേരെ പാലക്കാട് നിന്ന് മംഗളൂരുവിലേക്കുമാണ് മാറ്റിയത്. ഭരണപരമായ സൗകര്യം ചൂണ്ടിക്കാണിച്ചാണ് സ്ഥലംമാറ്റം. പാലക്കാട് ഡിവിഷനിൽ നിശ്ചിത സമയത്ത് ഡ്യൂട്ടിയിൽ ഹാജരാവാത്തതിന് 50 പേർക്ക് ചാർജ് മെമ്മോയും നൽകിയിട്ടുണ്ട്.
സ്ഥലംമാറ്റിയ ജീവനക്കാർക്ക് 10 ദിവസം ജോയിനിങ് ലീവ് ഉണ്ടാവും. അതിനുശേഷം മാത്രമേ ഇവർ ജോലിക്ക് ഹാജരാവുകയുള്ളൂ. ഫലത്തിൽ ഇത്രയും ലോക്കോ പൈലറ്റുമാരുടെ ലഭ്യത കുറയും. ഇത് ട്രെയിന്‍ സര്‍വിസിനെ പ്രതികൂലമായി ബാധിക്കും. അതേസമയം സമരം ശക്തമാക്കാനാണ് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍റെ തീരുമാനം. യാത്രാ സർവിസിനെ ബാധിക്കാത്ത രീതിയിലാണ് ജീവനക്കാർ സമരം മുന്നോട്ടുകൊണ്ടുപോവുന്നത്. എന്നാ, സർവിസ് മുടക്കുന്നതിനും അതുവഴി സമരത്തിനെതിരെ പൊതുജന വികാരമുയർത്താനുമാണ് റെയിൽവേ നീക്കം നടത്തുന്നതെന്നു സംഘടന ആരോപിച്ചു. ലോക്കോപൈലറ്റുമാരുടെ സമരം കാരണം ഗുഡ്‌സ് ട്രെയിൻ സർവിസുകൾ നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു.
ജോലി സമയം 10 മണിക്കൂറായി നിജപ്പെടുത്തുക, വാരാന്ത്യഅവധി 46 മണിക്കൂര്‍ ആക്കുക, തുടർച്ചയായി രണ്ടിലധികം നൈറ്റ് ഡ്യൂട്ടി ഒഴിവാക്കുക, 48 മണിക്കൂറിനകം ഹോം സ്റ്റേഷനിൽ തിരികെ എത്തുന്ന രീതിയിൽ സർവിസ് ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ 46 മണിക്കൂര്‍ വാരാന്ത്യ വിശ്രമം കഴിഞ്ഞുമാത്രമേ ഡ്യൂട്ടിക്ക് എത്തുകയുള്ളൂവെന്ന് എഴുതി നല്‍കിയാണ് ജീവനക്കാർ സമരം നടത്തുന്നത്. നിലവിൽ 30 മണിക്കൂർ വിശ്രമമമാണ് റെയിൽവേ അനുവദിക്കുന്നത്. സമരം അവസാനിപ്പിക്കാന്‍ റെയില്‍വേ ഇടപെടണമെന്ന് യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.