ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ഭാര്യയെ കാമുകൻ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമെന്ന്; പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് യുവതി​

തിരുവല്ല: തിരുവല്ലയിലെ തിരുമൂലമരത്ത് ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ഭാര്യയെ കാമുകൻ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമെന്ന് ഭാര്യ. ഭർത്താവ് നൽകിയ പരാതി വ്യാജമാണെന്നും താൻ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും യുവതി പൊലീസിനെ അറിയിച്ചു. ഭർതൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഭർത്താവിന്റെ പരാതിയിൽ പൊലീസ് 24 മണിക്കൂർ വട്ടംചുറ്റിയ ശേഷമാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരുമൂലപുരത്ത് തട്ടുകടയിൽനിന്നും ആഹാരം കഴിച്ച ശേഷം തന്നോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭാര്യ ഷീനയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കാറിലെത്തിയ കാമുകൻ പ്രിന്റു പ്രസാദും സംഘവും തട്ടിക്കൊണ്ടു പോയെന്നായിരുന്നു തിരുമൂലപുരം സ്വദേശിയായ സന്ദീപ് സന്തോഷിന്റെ പരാതി. ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി​യെന്നും സന്ദീപ് പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാത്രി 12 മണിയോടെ തിരുവല്ല പൊലീസിലാണ് ഇയാൾ പരാതിപ്പെട്ടത്. ഇതോടെ പൊലീസ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്താൻ രാത്രി മുഴുവൻ പരക്കം പാഞ്ഞു. തുടർന്ന് തിരുവല്ല സി.ഐ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കാമുകനായ ചെങ്ങന്നൂർ തിട്ടമേൽ കോട്ടയ്ക്ക തൊഴുത്ത് വീട്ടിൽ പ്രിന്റു പ്രസാദി(32)നെയും യുവതിയെയും ഒപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരിയായ പെൺകുഞ്ഞിനെയും കണ്ടെത്തി.

പ്രിന്റുവിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കമിതാക്കളെ ചെങ്ങന്നൂരിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച നടത്തിയ ചോദ്യം ചെയ്യലിലാണ് കഥയുടെ യഥാർത്ഥ ചിത്രം പുറത്തുവന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്വന്തം ഇഷ്ടപ്രകാരം കുഞ്ഞുമായി കാമുകനായ പ്രിന്റോയ്ക്ക് ഒപ്പം പോവുകയായിരുന്നു എന്നാണ് യുവതി പൊലീസിൽ മൊഴി നൽകിയത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഷീന കാമുകനായ പ്രിന്റുവിന് ഒപ്പം ഒളിച്ചോടിയിരുന്നുവത്രെ. അന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടും അന്വേഷണം ഊർജിതമല്ലായിരുന്നുവെന്നും അതിനാലാണ് ഇത്തവണ ഒളിച്ചോടിയപ്പോൾ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത് എന്നുമാണ് സന്ദീപ് പറയുന്നത്. പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴി കോടതിയിലും ഷീന ആവർത്തിച്ചതോടെ ഇരുവരെയും കാമുകനായ പ്രിന്റോയ്ക്ക് ഒപ്പം വിട്ടയച്ചു.

Tags:    
News Summary - 23-year-old woman and baby abducted by her boyfriend is fake complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.