വിദേശ മാതൃകയില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം: വര്‍ക്കല ബീച്ചിന് പ്രത്യേക പദ്ധതി

തിരുവനന്തപുരം : സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പൊലീസ് പട്രോളിങും ഉറപ്പുവരുത്താനും യോഗതീരുമാനമാനം. വര്‍ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിന് വി.ജോയ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ അവലോകന യോഗത്തിലാണ് തീരുമാനം.

സി.സി.ടി.വി ക്യാമറകളുടെ അഭാവമുള്ളതും വെളിച്ചക്കുറവുള്ളതുമായ പ്രദേശങ്ങള്‍ കണ്ടെത്താന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ വികസന കമ്മിഷണറും ഡി.റ്റി.പി.സി സെക്രട്ടറിയുമടങ്ങുന്ന പ്രത്യേക സംഘം പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ഇങ്ങനെ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ അധിക സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കും.

നിലവില്‍ വര്‍ക്കല ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാര്‍ഡുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടൂറിസം പൊലീസ് യൂനിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.

വര്‍ക്കല മേഖലയില്‍ ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധന ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ലഹരി ഉപയോഗത്തിനെതിരെ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരണ ക്യംപയിനും സംഘടിപ്പിക്കും. വര്‍ക്കല ബീച്ചും പരിസരവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലാണുള്ളത്. ബീച്ചിലെത്തുന്നവരുടെ സുരക്ഷക്കായി തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

കടലിലിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി നിലവില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയമിച്ച് കുടുംബ സമേതമെത്തുന്ന സഞ്ചാരികള്‍ക്കുള്‍പ്പെടെ സുരക്ഷിതമായി കടലിലിറങ്ങാനുള്ള അവസരമൊരുക്കും. വര്‍ക്കലയിലെ ബീച്ചുകളെ സമഗ്രമായി വികസിപ്പിക്കുന്നതിന് ആക്കുളം മാതൃകയില്‍ ടൂറിസം ക്ലബ്ബിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. വിദേശരാജ്യങ്ങളുടെ മാതൃകയില്‍ വര്‍ക്കല, കാപ്പില്‍ ബീച്ചുകളില്‍ വിപുലമായ വാട്ടര്‍ സ്‌പോര്‍ട്ട് ആക്ടിവിറ്റികള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ വികസന കമ്മിഷണര്‍ അനുകുമാരി, ഡി.റ്റി.പി.സി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, വര്‍ക്കല ഡിവൈ.എസ്.പി പി.ജെ. മാര്‍ട്ടിന്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - 24-hour police surveillance on foreign model: Special scheme for Varkala beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.