ആഗസ്റ്റിൽ 283 കോവിഡ് മരണം; ശമനമില്ലാതെ കോവിഡും വൈറൽപനിയും

കൊച്ചി: സംസ്ഥാനത്ത് കോവിഡ്, വൈറൽപനി ശമനമില്ലാതെ തുടരുന്നതിനൊപ്പം കോവിഡ് മരണവും ഏറുന്നു. ആഗസ്റ്റിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവർ 283 ആയി. വയറിളക്ക രോഗബാധയും വ്യാപകമാണ്.

സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം 11000ന് മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ബാധ ആയിരത്തിന് മുകളിലും. ജൂലൈയിൽ 461പേർ കോവിഡ് ബാധിച്ച് മരിച്ചു. അതിനെ അപേക്ഷിച്ച് ഈമാസം മരണസംഖ്യ കുറഞ്ഞിട്ടുണ്ട്.

ആഗസ്റ്റിൽ കഴിഞ്ഞ ശനിയാഴ്ച വരെ പനിബാധിതരുടെ എണ്ണം 2,98,338 ആണ്. ഇതിൽ നാലുപേർ മരിച്ചു. പ്രതിദിനം വയറിളക്ക രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം 1200ന് മുകളിലാണ്. മഴ കൂടിയതോടെയാണ് വയറിളക്ക രോഗങ്ങൾ പെരുകുന്നത്. ആഗസ്റ്റിൽ ഇതുവരെ വയറിളക്കരോഗം ബാധിച്ചത് 34,372 പേർക്കാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് പനിബാധ കൂടുതൽ. ഇവിടങ്ങളിൽ പ്രതിദിന പനിബാധിതർ 1000 കവിയും. കോഴിക്കോട്ട് പനിബാധ ഏറെയാണെങ്കിലും കോവിഡ് ബാധിതർ കുറവാണ്. ശനിയാഴ്ച കോഴിക്കോട് ജില്ലയിൽ 1708 പേർക്ക് പനിബാധ ഉണ്ടായെങ്കിലും കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് 36പേർക്ക് മാത്രമാണ്.

തലസ്ഥാന ജില്ലയിൽ ശനിയാഴ്ച പനിബാധിതർ 1134 ആയിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം 170. കോവിഡ് ബാധ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. ശനിയാഴ്ച 264 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുറവ് കാസർകോട് ജില്ലയിലും. ഇവിടെ ഒരാഴ്ചയായി 10നും 20നും ഇടയിലാണ് പ്രതിദിന കോവിഡ് ബാധിതർ.

കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ പ്രതിദിന കോവിഡ് ബാധ ശരാശരി 20ന് അടുത്ത് മാത്രമാണ്. പനിബാധിതരെ ആശുപത്രികളിൽ കോവിഡ് ടെസ്റ്റിനു നിർബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്ക് മാത്രമാണ് പരിശോധിക്കുന്നത്.

അതേസമയം, കോവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നവർ ഏറെയാണ്. ഇപ്പോൾ പടരുന്ന പനികൾക്കും കോവിഡിനുമെല്ലാം സമാന ലക്ഷണങ്ങളാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കുകളാണ് ഔദ്യോഗികമായി ലഭിക്കുന്നത്.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്ക് ലഭ‍്യമല്ല. അതുകൂടി ചേർത്താൽ പനി, വയറിളക്ക രോഗബാധിതരുടെ എണ്ണം ഇരട്ടിയോളം വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കോവിഡ് വകഭേദം ഇനിയും വരാമെന്ന് വിദഗ്ധർ

തിരുവനന്തപുരം: ഗുരുതരമാകുന്ന തരത്തിൽ കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും വരാമെന്ന് വൈറോളജി വിദഗ്ധർ. ഇതിനുള്ള സാധ്യതകൾ തള്ളാനാവില്ലെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഗഗൻദീപ് കാങ് ചൂണ്ടിക്കാട്ടി.

കോവിഡാനന്തര രോഗങ്ങൾ നിരവധി പേരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വൈറോളജി ഗവേഷകൻ ഡോ. ആൻഡേഴ്സ് വാൽനെയും പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കാനെത്തിയതായരുന്നു ഇരുവരും. നിപ, വാനരവസൂരി തുടങ്ങി വൈറൽ രോഗങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗൗരവതരമാണെങ്കിലും കേരളത്തിന് അതു മറികടക്കാനാകുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - 283 Covid deaths in August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.