ആലുവ: മുട്ടത്ത് വ്യാഴാഴ്ച രാത്രി മെട്രോ തൊഴിലാളികളുടെമേൽ ലോറി പാഞ്ഞുകയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. രണ്ടുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ വെള്ളിയാഴ്ച ആശുപത്രിയിൽ മരിച്ചു. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.
കളമശ്ശേരി എൻ.എ.ഡി കോളനിയിൽ വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ സൂര്യകാന്ത് (32), മണിയാസ് ബബലു മസീഹ് (42), പത്തടിപ്പാലത്ത് താമസിച്ചിരുന്ന രാജ്ഘട്ട് സ്വദേശി ഉമേഷ് ബഹാരി (23) എന്നിവരാണ് മരിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി ഇന്ദ്രദേവ് (22) കളമശ്ശേരി കിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ബബലു മസീഹും ഉമേഷ് ബഹാരിയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. സൂര്യകാന്ത് വെള്ളിയാഴ്ച പുലർച്ച 5.30 ഓടെയാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 12ഒാടെ മുട്ടം തൈക്കാവിൽ 199-ാം നമ്പർ മെട്രോ തൂണിന് സമീപമാണ് അപകടം. മെട്രോ നിർമാണ കരാറുകാരായ എൽ ആൻഡ് ടിയിലെ തൊഴിലാളികളാണ് നാലുപേരും. നിർമാണം കഴിഞ്ഞ ഭാഗത്തെ തൂണുകളിലും മറ്റും ഇരിക്കുന്ന നിർമാണ സാമഗ്രികളുടെ ബാക്കി നീക്കം ചെയ്യാനാണ് ഇവർ എത്തിയത്. ഇതിന് വാഹനങ്ങൾ തിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്.
വഴിയാത്രക്കാർ വിവരമറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മരിച്ചവരുടെ കാക്കനാട്ട് താമസിക്കുന്ന സുഹൃത്തുക്കൾ മുഖേന ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ എത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വ്യവസായ ആവശ്യത്തിനുള്ള വാതകം കൊണ്ടുപോകുന്ന പ്രത്യേകം തയാറാക്കിയ ടാങ്കർ ഘടിപ്പിച്ച ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. കിട്ടിയ ദൃശ്യങ്ങളും വിവരങ്ങളും വിരൽചൂണ്ടുന്നത് ഗുജറാത്തിെല ലോറിയാണെന്നാണ്.
ഇതിനുമുമ്പും ലോറിയിടിച്ച് മെട്രോ തൊഴിലാളി മരിച്ചിട്ടുണ്ട്. അന്നും ലോറി നിർത്താതെ പോകുകയായിരുന്നു. മെട്രോ അധികൃതർ സുരക്ഷിതത്വമില്ലാതെ തൊഴിലാളികളെ പണിക്ക് വിടുന്നതാണ് അപകടങ്ങൾ തുടരാൻ ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.