പടനിലം (കോഴിക്കോട്): പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്ന മൂന്നുപേരുടെ ജീവൻ കൊടുവള്ളി മദ്റസ ബസാറിലുണ്ടായ അപകടത്തിൽ നഷ്ടമായതിന്റെ വേദനയിലാണ് പടനിലം നിവാസികൾ. വെണ്ണക്കാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പടനിലം കര്‍മസേനയിലെ സജീവ അംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം മരിച്ച പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ് (45), വള്ളിയാട്ടുമ്മല്‍ വി. ശശി (46), പറയംമടക്കുമ്മല്‍ പി.എം ശശി (50) എന്നിവര്‍. ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗെയ്ൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതാണ് ഇവരുടെ മരണത്തിന് കാരണമായ അപകടത്തിന് ഇടയാക്കിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമല, കരിഞ്ചോലമല, കണ്ണപ്പന്‍കുണ്ട് മേഖലകളില്‍ ആദ്യം ഓടിയെത്തിയവരായിരുന്നു മരിച്ച മൂവരും. തടിമില്ലിലെ ജോലിക്കാരായ ഇവരുടെ കൈവശം രക്ഷാദൗത്യത്തിനു വേണ്ട ഉപകരണങ്ങളെല്ലാം ഉണ്ടായിരുന്നു. പ്രളയകാലത്തും ഒേട്ടറെ പേർക്ക് സഹായവുമായി ഇവർ രംഗത്തിറങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം പടനിലം അങ്ങാടിയിൽ ഉറ്റസുഹൃത്തുക്കൾ കൂടിയായ ഇവരെ ഓർമിക്കാൻ അനുശോചന യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ, പഞ്ചായത്തംഗം ലിജി പുല്‍ക്കുന്നുമ്മല്‍, ഷിയോലാല്‍, വിനോദ് പടനിലം എന്നിവര്‍ സംസാരിച്ചു.
അപകടം നടന്ന മദ്റസ ബസാറിൽ മുന്നറിയിപ്പ് ബോർഡുകളില്ലാതെയാണ് ഗെയ്ൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കിളക്കുന്നത്. ഒരു ബാരിക്കേഡ് റോഡിന്‍റെ മധ്യഭാഗത്തായി കയറ്റിവെച്ചിരുന്നു. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലെ ഡ്രൈവർ പ്രവൃത്തി ശ്രദ്ധയിൽപ്പെടാതെ ബാരിക്കേഡ് കണ്ട് പെട്ടന്ന് ലോറി വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.
പൊലീസും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് ലോറിക്കടിയിൽപെട്ട മൂവരെയും പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സന്തോഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് വീട്ടിൽ കൊണ്ട് വന്ന് സംസ്കരിച്ചു. മറ്റ് രണ്ട് പേരുടേയും മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കൊണ്ട് വന്ന് പടനിലത്തെ മദ്റസയിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്കരിച്ചത്.
കല്യാണിയാണ് സന്തോഷിന്‍റെ അമ്മ. ഭാര്യ: സന്ധ്യ. മക്കൾ: അനഘ, അഖിൻ (ഇരുവരും വിദ്യാർത്ഥികൾ), അഖിന. സഹോദരങ്ങൾ: രതീഷ്, സുരേഷ്, റീന. തനിയായിയാണ് പി.എം. ശശിയുടെ അമ്മ. ഭാര്യ: രാധ. മക്കൾ: ബിൻഷ, ബിൻ ഷി, ബിജിൻ. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (സി.ആർ.പി.എഫ്), മാളു, കല്യാണി. കീരൊറ്റിയാണ് വി. ശശിയുടെ അമ്മ. ഭാര്യ: ബിന്ദു. മകൻ: അഭിനവ്. സഹോദരങ്ങൾ: കൃഷ്ണൻ, സുധീർ, പരേതനായ സത്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.