മരട്(കൊച്ചി): ഉബർ ടാക്സി ഡ്രൈവറെ പട്ടാപ്പകൽ നഗരമധ്യത്തിൽ ക്രൂരമായി മർദിച്ച മൂന്ന് യുവതികൾ പിടിയിൽ. കണ്ണൂർ ആലക്കോട് സ്വദേശിനികളായ പുറത്തേൽ വീട്ടിൽ എയ്ഞ്ചൽ ബേബി (30), ക്ലാര സിബിൻ (27), പത്തനംതിട്ട ആയപുരക്കൽ വീട്ടിൽ എം. ഷീജ (30) എന്നിവരാണ് മരട് പൊലീസിെൻറ പിടിയിലായത്. ബുധനാഴ്ച രാവിലെ 11.30ഒാടെ വൈറ്റില ജങ്ഷനിലാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള അടിയിൽ തലക്ക് പരിക്കേറ്റ ടാക്സി ഡ്രൈവർ കുമ്പളം സ്വദേശി താനത്ത് വീട്ടിൽ ഷഫീഖിനെ (32) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസ് ട്രാഫിക് വാർഡനും നോക്കിനിൽക്കെയാണ് യുവതികൾ ആക്രമിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി പൊലീസ് വാച്ച് ടവറിൽ തടഞ്ഞുവെച്ച യുവതികളെ പിന്നീട് വനിത പൊലീസെത്തി മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അക്കൗണ്ടൻറായ തോപ്പുംപടി സ്വദേശി ഷിനോജ് തൃപ്പൂണിത്തുറയിലെ ഓഫിസിൽ പോകാൻ ഉബറിെൻറ ഷെയർ ടാക്സി (പൂൾ ബുക്ക്) വിളിച്ച് വൈറ്റിലയിൽ എത്തിയതോടെ, ഇവിടെ ബുക്ക് ചെയ്ത് കാത്തിരുന്ന സ്ത്രീകളും കയറാനെത്തി. തങ്ങൾ വിളിച്ച ടാക്സിയിൽ മറ്റൊരാൾ കയറുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടു. ഷിനോജാണ് ആദ്യം ബുക്ക് ചെയ്ത് കയറിയതെന്നും ഇറക്കിവിടാനാകില്ലെന്നും ഡ്രൈവർ വ്യക്തമാക്കി. ‘‘മുൻസീറ്റിലേക്ക് മാറാൻ തയാറാണ്.
നിങ്ങൾ പിന്നിൽ ഇരുന്നോളൂ’’ എന്ന് ഷിനോജ് പറഞ്ഞെങ്കിലും ഒറ്റക്ക് യാത്ര ചെയ്യണമെന്ന നിലപാടിൽ യുവതികൾ ഉറച്ചുനിന്നു. തർക്കം കണ്ട് ട്രാഫിക് വാർഡനും നാട്ടുകാരും ചുറ്റും കൂടി. ക്ഷുഭിതരായ യുവതികൾ കാറിെൻറ ഡോർ വലിച്ചടച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ ഷഫീഖിെൻറ മുണ്ട് വലിച്ചുകീറിയ ശേഷം മൂന്ന് യുവതികളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ഷഫീഖിനെ നിലത്തിട്ട് ചവിട്ടുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും അടിവസ്ത്രം വരെ വലിച്ചുകീറുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
മരട് സ്റ്റേഷനിലെത്തിച്ച യുവതികളെ മൊഴിയെടുത്തശേഷം വൈദ്യപരിശോധനക്ക് വിധേയരാക്കി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വിവരമറിഞ്ഞ് തൃക്കാക്കര അസി. കമീഷണർ പി.പി. ഷംസ് സ്റ്റേഷനിലെത്തി. മൂന്ന് യുവതികൾക്കെതിരെയും കേസെടുത്തതായി മരട് എസ്.ഐ സുജാതൻ പിള്ള അറിയിച്ചു. ഇവർ ചില ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.