സമീപകാലത്ത് പി. ജയചന്ദ്രൻ പങ്കെടുത്ത അപൂർവ വേദികളിലൊന്നായിരുന്നു ‘ഗൾഫ് മാധ്യമം’ 2019ൽ ബഹ്റൈനിൽ സംഘടിപ്പിച്ച ഹാർമോണിസ് കേരള. നിറഞ്ഞ സദസ്സ് സാക്ഷിയായ ആ ആഘോഷ രാവിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള സംഭാഷണം ഇന്റർനെറ്റിൽ ലക്ഷക്കണക്കിന് സംഗീതാസ്വാദകരെയാണ് ആകർഷിച്ചത്. ഭാവഗായകനും മഹാനടനും പാടിയും പറഞ്ഞുമുള്ള ആ ചടങ്ങിൽ ജയചന്ദ്രന്റെ അനുഗൃഹീത സ്വരമാധുരിയും പെയ്തിറങ്ങി.
പാട്ടിന്റെ വഴിയിലേക്ക് പി. ജയചന്ദ്രൻ പ്രവേശിക്കുന്നത് യാദൃച്ഛികമായിട്ടായിരുന്നുവെന്ന കഥ പറഞ്ഞാണ് മമ്മൂട്ടി സംഭാഷണത്തിന് തുടക്കമിട്ടത്. കുട്ടിക്കാലത്ത് തന്നെ ആകർഷിച്ച ജയേട്ടന്റെ പാട്ടുകൾ മമ്മൂട്ടി എണ്ണിപ്പറഞ്ഞു. ചെന്നൈയിൽ എച്ച്.എം.വിയിൽ ജോലി ചെയ്യുന്ന സമയത്ത് ട്രാക്കു പാടിയിട്ടാണ് ജയചന്ദ്രൻ സംഗീത ലോകത്തേക്ക് കടന്നുവന്നതെന്ന് മമ്മൂട്ടി. ‘ഇതൊക്കെ എനിക്കറിയാം, നിങ്ങൾ മനസ്സിലാക്കിക്കോളൂ’ എന്ന മമ്മൂട്ടിയുടെ തമാശരൂപേണയുള്ള വാക്കുകൾക്ക് ജയചന്ദ്രൻ ചെറുചിരിയോടെയാണ് അടിവരയിട്ടത്.
പിന്നീട് ജയചന്ദ്രന്റെ തുടക്കകാലത്തെ പാട്ടുകളെക്കുറിച്ച് മമ്മൂട്ടിയുടെ ചെറുവിവരണം. പിന്നാലെ, ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ..’, മായാമരീചികയിൽ..’, തുടങ്ങിയ പാട്ടുകൾ മമ്മൂട്ടിയുടെ ആവശ്യപ്രകാരം ജയചന്ദ്രൻ ആ ചടങ്ങിൽ ആലപിച്ചു. മമ്മൂട്ടിയും ഒപ്പം വേദിയിലുള്ള മനോജ് കെ. ജയനും പാട്ടുകളൊക്കെ ആവേശപൂർവം ആസ്വദിക്കുകയും ചെയ്തു. ‘സ്വപ്നസഖീ അനുരാഗീ’ എന്ന ഗാനം മമ്മൂട്ടി പാടാൻ പറഞ്ഞപ്പോൾ ‘അമ്പതുകൊല്ലം മുമ്പുള്ള പാട്ടാണ് ആവശ്യപ്പെടുന്നത്, എനിക്കതിപ്പോൾ വലിയ പിടിയില്ല’ എന്നായിരുന്നു മറുപടി. എന്നാൽ, അത് മമ്മൂട്ടിക്കൊപ്പം ചേർന്ന് അദ്ദേഹം മനോഹരമായി പാടി. ‘എനിക്ക് പാട്ടുപാടാനറിയില്ലെങ്കിലും ഞാൻ പാടാറുണ്ട്’ എന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി ഭാവഗായകനൊപ്പം പാട്ടിൽ പങ്കാളിയായത്.
ഇത് അതിശയകരമായ മുഹൂർത്തമാണെന്നും ഏറെ പ്രചോദിതനാണ് താനെന്നും സംഭാഷണങ്ങൾക്ക് പിന്നാലെ മമ്മൂട്ടിയുടെ സാക്ഷ്യം. ഈ മുഹൂർത്തങ്ങൾക്ക് മെഗാസ്റ്റാർ നന്ദി പറയുമ്പോൾ സദസ്സിൽ മൊബൈൽ ഫോണിലെ വെളിച്ചം. വേദിക്കൊപ്പം സദസ്സിലും നക്ഷത്രത്തിളക്കമായപ്പോൾ ആകാശം താഴേക്കിറങ്ങിവന്നതുപോലെ എന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ ഉപമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.