പാലക്കാട്: സംസ്ഥാന ഡ്രഗ്സ് വിഭാഗം പതഞ്ജലിക്കെതിരെ രജിസ്റ്റർ ചെയ്തത് 33 കേസുകൾ. പതഞ്ജലി ഗ്രൂപ്പിന്റെ ഔഷധനിർമാണ വിഭാഗം ദിവ്യ ഫാർമസിയുടെ ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവും ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണനും മൂന്നും രണ്ടും പ്രതികളായി കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം. വർഗീസ് രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി-നാലിൽ ഇതിനകം രണ്ടു കേസ് ഫയൽ ചെയ്തുകഴിഞ്ഞു. വൈകാതെ മറ്റു കേസുകളുടെ നിയമനടപടികളും ആരംഭിക്കുമെന്ന് ഡ്രഗ്സ് വിഭാഗം അധികൃതർ വ്യക്തമാക്കി.
പരാതികൾ ധാരാളം ഉയർന്നെങ്കിലും രാജ്യത്ത് ആദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ ഔഷധനിർമാതാക്കളായ ദിവ്യ ഫാർമസിക്കെതിരെ കേസുകൾ ഫയൽ ചെയ്ത് നിയമനടപടി തുടങ്ങുന്നത്. അതേസമയം, നടപടിക്ക് തടസ്സമാകുന്നത് പരസ്യങ്ങളുടെ റിലീസ് ഓർഡർ ലഭ്യമാക്കുന്നതിൽ ചില മാധ്യമങ്ങൾ കാണിക്കുന്ന വൈമുഖ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ വിമുഖത കാട്ടുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയെടുക്കേണ്ടിവരുമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്റ്) ആക്ട് 1954 ലംഘിക്കുന്നെന്ന പരാതിയിലാണ് ദിവ്യ ഫാർമസിക്കെതിരെ 33 കേസുകൾ എടുത്തിട്ടുള്ളത്. ആക്ട് പ്രകാരം ചട്ടത്തിൽ ഉൾപ്പെടുത്തിയ അസുഖങ്ങൾക്ക് മരുന്നുകൾ നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനംചെയ്തും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഈ ആക്ട് പ്രകാരം വിലക്കുണ്ട്. ഇത് ലംഘിച്ച് പതഞ്ജലി പത്രപരസ്യം നൽകിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.