തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളിൽ കിടത്തി ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണം രണ്ട് വർഷത്തിനിടെ വർധിച്ചത് 33 ശതമാനം. എന്നാൽ ആനുപാതികമായി സൗകര്യങ്ങൾ വർധിക്കാത്തതോടെ കിടക്കകൾക്കായി നെട്ടോട്ടമാണ്.
എണ്ണം വർധിപ്പിക്കുമെന്ന് നിയമസഭക്കകത്തും പുറത്തും പ്രഖ്യാപനങ്ങൾ പലവട്ടമുണ്ടായിട്ടും നടപ്പായിട്ടില്ല. ഫലത്തിൽ ഗുരുതരമായെത്തുന്നവരടക്കം തറയിൽ കിടക്കേണ്ട ഗതികേടാണ് പല മെഡിക്കൽ കോളജുകളിലും. സ്ട്രോക്ക് വന്ന് ചലനശേഷി നഷ്ടപ്പെട്ടവരോടുപോലും കിടക്കയില്ലാത്തതിനാൽ തറയിൽ കിടക്കാനാണ് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ ഡിസ്ചാർജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകണം. ഭാരിച്ച ചികിത്സാച്ചെലവ് വഹിക്കാനാകാത്തവരെ സംബന്ധിച്ച് ദുരിതം സഹിച്ച് തറയിൽ ശരണം തേടുകയേ നിവർത്തിയുള്ളൂ.
നിലവിലുള്ള കിടക്കകൾ തികയാതെ വരുന്ന സാഹചര്യത്തിൽ ‘ഫ്ലോർ ബെഡുകൾ’ ഒരുക്കി നൽകാറുണ്ടെന്നാണ് ആരോഗ്യമന്ത്രിയടക്കം ആവർത്തിക്കുന്നത്. ഈ ഫ്ലോർ ബഡുകൾ എന്താണെന്ന് ആശുപത്രി ജീവനക്കാർക്ക് പോലും ധാരണയില്ല.
കിടക്ക കിട്ടിയില്ലെങ്കിൽ കട്ടിലുകളുടെ വിടവിൽ സ്വന്തം നിലയിൽ പായ വിരിച്ച് കിടക്കലേ മാർഗമുള്ളൂ. സ്ഥലം കണ്ടെത്തലാകട്ടെ രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും ഉത്തരവാദിത്തവും. മഴക്കാലവും പനിക്കാലവും കൂടിയെത്തിയതോടെ ആശുപത്രികളിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ പോംവഴികളൊന്നും സർക്കാറിന്റെ പക്കലില്ല. വിവിധയിടങ്ങളിൽ നിർമാണത്തിലുള്ള ബ്ലോക്കുകൾ പൂർത്തിയാകുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കൂകൂട്ടൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജിക്കൽ ബ്ലോക്ക് പൂർത്തിയാകുന്നതോടെ 250 കിടക്കകൾ കൂടി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
എറണാകുളം മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് കൂടി വരുന്നതോടെ 650 കിടക്കകൾ ഇവിടെയും വർധിക്കും.
കണ്ണൂർ മെഡിക്കൽ കോളജിൽ 160 കിടക്കളോടെയുള്ള ട്രോമ കെയർ ബ്ലോക്കിലാണ് പ്രതീക്ഷ. കോട്ടയം മെഡിക്കൽ കോളജിൽ കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമാണത്തിലും (200 കിടക്ക). എന്നാൽ ഇതു കൊണ്ടുമാത്രം കിടക്കക്ഷാമത്തിന് പരിഹാരമാകില്ല. മാത്രമല്ല, നിർമാണം എപ്പോൾ പൂർത്തിയാകുമെന്നും പറയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.