പാലക്കാട്ട്: കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കേണ്ട നവംബറിലെ ഐ.ജി.എസ്.ടി സെറ്റിൽമെന്റ് വിഹിതത്തിൽ 332 കോടി രൂപ വെട്ടിക്കുറച്ചു. നവംബർ 29നാണ് വിഹിതം കുറച്ച കാര്യമറിയിച്ച് കത്ത് ലഭിച്ചത്. അന്തർ സംസ്ഥാന ചരക്കു സേവന ഇടപാടുകൾക്കുള്ള നികുതി (ഐ.ജി.എസ്.ടി) സെറ്റിൽമെന്റിന്റെ നവംബറിലെ വിഹിതത്തിലാണ് 332 കോടി രൂപയുടെ കുറവ് വരുത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പാലക്കാട്ട് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തേക്ക് വരുന്ന സാധനങ്ങൾക്ക് കേന്ദ്രം സ്വരൂപിച്ച് പിന്നീട് കൈമാറിത്തരുന്ന നികുതിയാണിത്. പ്രതിമാസം 332 കോടിയുടെ വെട്ടിക്കുറവ് എന്നത് സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. വിഹിതം കുറച്ച കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചതായി ധനമന്ത്രി അറിയിച്ചു.
ഐ.ജി.എസ്.ടി ബാലൻസിലെ കുറവ് നികത്താനായി മുൻകൂർ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റിൽമെന്റിൽ 332 കോടി രൂപയുടെ കുറവു വരുത്തുന്നതായാണ് കേന്ദ്രത്തിൽനിന്ന് ഇതു സംബന്ധിച്ച് ലഭിച്ച അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവു വരുത്തിയതെന്നോ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുറവു വരുത്തിയതെന്നോ വ്യക്തമല്ല. അഡ്ഹോക് സെറ്റിൽമെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കിൽ അതിന് അടിസ്ഥാനമാക്കിയ കണക്കുകൾ സംസ്ഥാനത്തിനും കൈമാറണം. മുൻകാലങ്ങളിൽ ഇതേ രീതിയിൽ നടത്തിയിട്ടുള്ള സെറ്റിൽമെന്റുകളിൽ സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചുപിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി നടപ്പാക്കിയത് മുതൽ കേന്ദ്രം തുല്യമായ പരിഗണനയല്ല സംസ്ഥാനങ്ങൾക്ക് തരുന്നത്. അതനുസരിച്ച് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 57,000 കോടി രൂപ ലഭിച്ചിട്ടില്ല. കേന്ദ്രം നൽകിവന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂൺ 30ന് അവസാനിപ്പിച്ചു. സ്വന്തം കൈയിൽ നിന്നെടുത്ത് ചെലവാക്കിയ ഇനത്തിൽ മാത്രം 6000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.