കൊച്ചി: പ്രളയ ധനസഹായമായി കലക്ടറേറ്റിൽനിന്നും താലൂക്ക് ഓഫിസുകളിൽ നിന്നും അനുവദിച്ച തുക വിവിധ കാരണങ്ങളാൽ 3333 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനാകാതെ ട്രഷറിയിൽതന്നെയുണ്ടെന്ന് പരിശോധന റിപ്പോർട്ട്. ഇത്തരത്തിൽ ആകെ 7.48 കോടി നൽകാനുണ്ട്. ഈ തുകകൾ കലക്ടറേറ്റിലും താലൂക്ക് ഓഫിസിലും എസ്.ടി.എസ്.ബി അക്കൗണ്ടുകളിലാണ് നീക്കിയിരിപ്പുള്ളത്.
കലക്ടറേറ്റിൽ 2962 ഗണഭോക്താക്കൾക്ക് നൽകാനുള്ളത് 6.67 കോടി രൂപയാണ്. കൊച്ചി താലൂക്ക് ഓഫിസിൽ 96 ഗുണഭോക്താക്കൾക്ക് 12.4 ലക്ഷം, പറവൂരിൽ 138 പേർക്ക് 41.43 ലക്ഷം, കണയന്നൂരിൽ 84 പേർക്ക് 10.78 ലക്ഷം, ആലുവയിൽ 33 പേർക്ക് 60,500, കുന്നത്തുനാട്ടിൽ 19 ഗുണഭോക്താക്കൾക്ക് 62.47 ലക്ഷം, മൂവാറ്റുപുഴ താലൂക്ക് ഓഫിസിൽ ഒരാൾക്ക് 4800 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്യാനുള്ളത്.
കൊച്ചി താലൂക്ക് ഓഫിസിൽനിന്ന് തിരിച്ചടച്ച 28.52 ലക്ഷം രൂപയുടെ ചെക്ക് യഥാസമയം ബാങ്കിൽ നൽകാതെ കലക്ടറേറ്റിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി. കൊച്ചി താലൂക്ക് ഓഫിസിൽ പ്രളയ ധനസഹായം അനുവദിക്കുന്നതിന് ലഭിച്ച തുക ബാങ്ക് അക്കൗണ്ടിൽ ഇപ്പോഴും നിലനിൽക്കുന്നു. ആ ബാങ്ക് അക്കൗണ്ട് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല.
റീബിൽഡ് കേരള പദ്ധതിയിൽ പ്രളയധനസഹായം ആലുവ, മൂവാറ്റുപുഴ, കൊച്ചി താലൂക്കുകളിൽനിന്ന് ഗുണഭോക്താക്കൾക്ക് രണ്ടുതവണ വീതം തുക അനുവദിച്ചിരുന്നു. കൊച്ചിയിലെ മട്ടാഞ്ചേരി സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ലാബുകളിൽ എട്ട് ഗുണഭോക്താക്കൾക്ക് രണ്ട് തവണ വീതം ധനസഹായം അനുവദിച്ചതായി കണ്ടെത്തി. 96 ഗുണഭക്താക്കൾക്ക് വിതരണം ചെയ്യാൻ കഴിയാതെ 12.40 ലക്ഷം ട്രഷറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ട്രഷറിയിൽ 34 ഗുണഭോക്താക്കൾക്ക് രണ്ട് തവണ വീതം തുക വിതരണം ചെയ്തു.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ എന്ന സർക്കാർ നയത്തിന് വിരുദ്ധമായി കലക്ടറേറ്റിൽ പ്രളയധനസഹായം വിതരണം ചെയ്തെന്നും കണ്ടെത്തി. 2019 ഡിസംബർ 20ലെ കത്തിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി എറണാകുളം ബാങ്ക് അക്കൗണ്ട് നിർത്തി. പ്രളയ ധനസഹായം വിതരണം ചെയ്യുന്നതിന് ലഭിച്ച അലോട്ട്മെൻറ്, വിതരണം ചെയ്ത തുക, വിതരണം ചെയ്തശേഷം അക്കൗണ്ടിലേക്ക് തിരിച്ചുവന്ന തുക, നീക്കിയിരിപ്പ് വിവരങ്ങൾ സംബന്ധിച്ച് താലൂക്ക് ഓഫിസുകളിൽ കൃത്യമായ രേഖപ്പെടുത്തൽ സുക്ഷിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.