കോഴിക്കോട്: ഈ ഉമ്മ നെഞ്ചുരുകി കരയുകയാണ്. രണ്ട് വ്യാഴവട്ടത്തിനിടെ ഒരിക്കൽപോലും ഒന്ന് ചിരിക്കാനോ സമാധാനത്തോടെ ഒരുപോള കണ്ണടക്കാനോ ഇവർക്കായിട്ടില്ല. വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനമാണ് വയോധികയായ ഫാത്തിമയുടെ ഉറക്കംകെടുത്തുന്നത്.
അതിന് സഹായം തേടി ലോകമെങ്ങുമുള്ള മലയാളികൾക്കുമുന്നിൽ കണ്ണീർ പൊഴിക്കുകയാണിവർ. ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമാണ് വധശിക്ഷ കാത്ത് ജയിലിലുള്ളത്. മാപ്പ് നൽകി വധശിക്ഷയിൽ നിന്നൊഴിവാക്കാൻ മരണപ്പെട്ട സൗദി പൗരന്റെ കുടുംബം പതിനഞ്ച് മില്യൺ റിയാലാണ് (ഏകദേശം 34 കോടി രൂപ) ആവശ്യപ്പെട്ടത്. ഏപ്രിൽ 16നകം ഈ തുക സമാഹരിച്ച് നൽകാനായാൽ അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനാവുമെന്ന് ജയിൽ മോചനത്തിനായി രൂപവത്കരിച്ച അബ്ദുറഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ് കുമാർ, ജനറൽ കൺവീനർ കെ.കെ. ആലിക്കുട്ടി, ട്രഷറർ എം. ഗിരീഷ് എന്നിവർ അറിയിച്ചു.
ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുറഹീം 2006 നവംബർ 28 നാണ് തൊഴിതേടി ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്. ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവം. സ്പോണ്സര് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ശഹ്രിയുടെ ശാരീരിക വൈകല്യമുള്ള മകന് അനസ് അല്‍ ശഹ്രിയെ പരിചരിക്കലായിരുന്നു ജോലി.
യാത്രക്കിടയിൽ പ്രകോപിതനായ അനസിനെ ശാന്തമാക്കാനുള്ള ശ്രമത്തിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ റഹീമിന്റെ കൈതട്ടി അനസ് ബോധരഹിതനാവുകയും പിന്നീട് മരിക്കുകയും ചെയ്തു.
റിയാദിലെ കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. മാപ്പ് നൽകാൻ കുടുംബം ആദ്യം തയാറായില്ല. പിന്നീട് ദിയധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയാറാണെന്ന് സൗദി കുടുംബത്തിന്റെ അഭിഭാഷകൻ ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു. ഉറപ്പ് ലഭിച്ചതോടെയാണ് വലിയ തുകയാണെങ്കിലും സമാഹരിക്കാൻ നാട്ടുകാർ ഒന്നടങ്കം തീരുമാനിച്ചത്. ക്രൗഡ്ഫണ്ടിങ് ഡൊണേഷന്‍ കലക്ഷന്‍ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാക്കുന്ന രീതിയിലാണ് ധനസമാഹരണത്തിന് സമിതി തുടക്കമിട്ടത്. ഐ.സി.ഐ.സി, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിൽ ട്രസ്റ്റിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒന്നരക്കോടിയോളം രൂപയാണ് സ്വരൂപിച്ചത്.
ഫെഡറൽ ബാങ്ക് ചെറുവണ്ണൂർ ശാഖയിലെ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് നമ്പർ: 11100200018153. IFSC CODE: FDRL0001110. ഐ.സി.ഐ.സി ബേങ്ക് മലപ്പുറം ശാഖയിലെ കമ്മിറ്റിയുടെ അക്കൗണ്ട് നമ്പർ: 074905001625. IFSC CODE: ICIC0000749. ഫോൺ: 9037790804, 9061045000, 9061045925.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.