തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷം പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടു വന്ന 350.71 കിലോഗ്രാം സ്വർണം. മതിയായ രേഖകൾ ഇല്ലാതെയും, അപൂർണവും, തെറ്റായതുമായ രേഖകൾ ഉപയോഗിച്ചു കടത്തിയ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി 14.62 കോടി രൂപ സർക്കാറിന് ലഭിച്ചു.
വാഹന പരിശോധനയിലൂടെയും ജ്വല്ലറികൾ, ഹാൾ മാർക്കിങ് സ്ഥാപനങ്ങൾ, സ്വർണാഭരണ നിർമാണ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപം നടത്തിയ പരിശോധനകളിൽനിന്നുമാണ് 306 കേസുകളിലായി ഇത്രയും സ്വർണം പിടികൂടിയത്.
സ്വർണാഭരണങ്ങൾ, ഉരുക്കിയ സ്വർണം, സ്വർണ ബിസ്കറ്റുകൾ തുടങ്ങിയ നിലകളിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. 2020-21 സാമ്പത്തിക വർഷം 133 കേസുകളിൽ 87.37 കിലോ സ്വർണ്ണം പിടികൂടി 8.98 കോടി രൂപ വരുമാനം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 350.71 കിലോഗ്രാം സ്വർണം പിടികൂടുകയും 14.62 കോടി വരുമാനം നേടുകയും ചെയ്തു.
സംസ്ഥാനത്ത് നടക്കുന്ന ചരക്ക് സേവന നികുതി വെട്ടിപ്പുകൾ തടയാനായി ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തുന്ന വാഹന പരിശോധനകൾ , ടെസ്റ്റ് പർച്ചേസുകൾ, കട പരിശോധനകൾ എന്നിവ കൂടുതൽ ഊർജിതമാക്കുമെന്ന് സംസ്ഥാന ചരക്കുസേവന നികുതി കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.