പാലക്കാട്: കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്.ഡി.എസ്.എസിൽ (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം) നിന്ന് 60 ശതമാനം ഗ്രാൻഡ്, കേന്ദ്രം അംഗീകരിച്ച 37 ലക്ഷം സ്മാർട്ട് മീറ്ററുകൾക്ക് ഓർഡർ നൽകിയാലേ ലഭിക്കൂവെന്ന് കേന്ദ്ര ഊർജ മന്ത്രാലയം. ആർ.ഡി.എസ്.എസ് നടത്തിപ്പിന്റെ പുതുക്കിയ മാർഗരേഖയിലാണ് ഈ നിർദേശം. സാമ്പത്തിക പ്രയാസത്തെത്തുടർന്ന് മൂന്ന് ലക്ഷം സ്മാർട്ട് മീറ്റർ ടെൻഡർ നടപടികൾ പോലും സ്തംഭിച്ച അവസ്ഥയിലാണ് ഈ നിർദേശമെത്തിയത്.
വൈദ്യുതി ഉപഭോഗത്തില്‍ വരുന്ന നഷ്ടം തടയാനും പ്രസരണ, വിതരണ ഘട്ടങ്ങളിലെ ഗുണമേന്മ ഉറപ്പാക്കാനും സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ആര്.ഡി.എസ്.എസ്. ഈ പദ്ധതിയുടെ ഭാഗമാണ് സ്മാർട്ട് മീറ്റർ. ശൃഖല നവീകരണത്തിന് 60 ശതമാനം ഗ്രാൻഡും സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 15 ശതമാനം സബ്സിഡിയുമാണ് പദ്ധതിയിലൂടെ ലഭിക്കുക.
കേന്ദ്ര നിർദേശമനുസരിച്ച് വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിന് ശേഷമാണ് തുക അനുവദിക്കുക. ഊർജമന്ത്രാലയത്തിന്റെ സമയക്രമം അനുസരിച്ച് സംസ്ഥാനം പദ്ധതിയുടെ മൂന്നാംഘട്ടത്തിലാണെങ്കിലും പല പ്രവൃത്തികളുടെയും ആദ്യഘട്ടം പോലും പൂർത്തീകരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ നടപ്പാക്കേണ്ട സബ്സ്റ്റേഷൻ നിർമാണങ്ങൾ പോലും ജനുവരിയിലാണ് ടെൻഡർ ചെയ്തത്.
37 ലക്ഷം സ്മാർട്ട് മീറ്ററുകൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചതെങ്കിലും വിവാദം മൂലം വൈകിയതിനാൽ ഇപ്പോൾ മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററുകൾക്കുള്ള നടപടികളാണ് സ്വീകരിച്ചത്. ടെൻഡറിടുന്നതോടെ ഗ്രാൻഡ് ഏറെക്കുറെ പൂർണമായും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം.
ടെൻഡർ നടപടികളാകട്ടെ സാമ്പത്തിക പ്രതിസന്ധിയിൽ മരവിക്കുകയും ചെയ്തു. ആദ്യ രണ്ട് ഘട്ടത്തിന്റെ തുക ലഭ്യമാകുമെങ്കിലും ഗ്രാൻഡ് മുഴുവനായി ലഭിക്കാൻ കേന്ദ്രം അനുവദിച്ച 37 ലക്ഷം സ്മാർട്ട് മീറ്ററുകൾക്ക് ഓർഡർ നൽകണമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗരേഖ നിർദേശിക്കുന്നത്.
മൂന്ന് ലക്ഷം സ്മാർട്ട് മീറ്റർ സർക്കാർ ഓഫിസുകളിലും കൂടുതൽ ഊർജ വിനിയോഗം ആവശ്യമുള്ള സ്ഥാപനങ്ങളിലും സജ്ജമാക്കിയ ശേഷം ഘട്ടംഘട്ടമായി സ്മാർട്ട് മീറ്റർ പൂർത്തീകരിക്കാമെന്നായിരുന്നു പ്രഖ്യാപനം. പുതിയ നിർദേശത്തോടെ ഗ്രാൻഡ് പൂർണമായി കിട്ടണമെങ്കിൽ നടപടിക്രമം ത്വരിതഗതിയിൽ പൂർത്തീകരിക്കേണ്ടി വരും.
കെ.എസ്.ഇ.ബിയുടെ 10,475 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ആര്.ഡി.എസ്.എസിന്റെ ഭാഗമായി നേരത്തെ കേന്ദ്രാനുമതി കിട്ടിയിരുന്നത്. ഇതില്‍ 8,205 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിനും 2,270 കോടി രൂപ വിതരണ ശൃംഖല നവീകരണത്തിനുമായിരുന്നു. ഇതിനിടെയാണ് ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് വിവാദമായതും സംസ്ഥാനം ബദൽ മാതൃക അവതരിപ്പിച്ചതും. ടെൻഡർ നടപടികൾക്ക് ഊർജമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.