തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനായുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനും അതിവേഗം തീര്‍പ്പാക്കുന്നതിനുമായി 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും സൃഷ്ടിച്ചു. 123 സർവെയര്‍മാരെ താൽക്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവായി. റവന്യൂ വകുപ്പിന്റെ ആധുനീകരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫിസ് തലം മുതല്‍ വിവിധ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടി അന്തിമഘട്ടത്തിലാണ്.
വില്ലേജ് ഓഫിസിലെ അടിസ്ഥാന രേഖകളായ ബി.ടി.ആർ, തണ്ടപ്പേര് എന്നിവ ഡിജിറ്റൈസ് ചെയ്ത് ഭൂനികുതി ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങിയതോടെ ഭൂമിയുടെ യഥാർഥ തരം നികുതി രസീതില്‍ രേഖപ്പെടുത്താന്‍ തുടങ്ങി. ലക്ഷക്കണക്കിന് തരംമാറ്റ അപേക്ഷകള്‍ സംസ്ഥാനത്തെ റവന്യൂ ഡിവിഷനല്‍ ഓഫിസുകളില്‍ കുന്നുകൂടുന്നതിന് ഇത് കാരണമായി.
പരിമിതമായ മനുഷ്യവിഭവശേഷിയോടെ പ്രവര്‍ത്തിച്ചിരുന്ന ആർ.ഡി.ഒ ഓഫിസുകളിലേക്ക് ക്രമാതീതമായി ലഭിച്ച തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാനാവാതെ വില്ലേജ്-താലൂക്ക് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്ന അവസ്ഥയായി.
ആറുമാസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 990 താൽക്കാലിക നിയമനത്തിനും 340 വാഹനങ്ങള്‍ വാടകക്കെടുക്കുന്നതിനും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 5.99 കോടി രൂപ അനുവദിച്ചും 2022 ഫെബ്രുവരിയിൽ തീരുമാനമായിരുന്നു. ഈ നടപടിയിലൂടെ ലക്ഷത്തിലേറെ അപേക്ഷ തീര്പ്പാക്കാനായെങ്കിലും രണ്ടുലക്ഷത്തിലേറെ പുതിയ അപേക്ഷ ലഭിച്ചത് പ്രതിസന്ധിയുണ്ടാക്കി. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ താൽക്കാലിക ജീവനക്കാരുടെ സേവനം ആറുമാസം നീട്ടിയിരുന്നു.
ദിനംപ്രതി തീര്പ്പാക്കുന്നതിലേറെ അപേക്ഷകള്‍ പുതുതായി ലഭിക്കുന്നത് റവന്യൂ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ട്. അത് മറികടക്കാനാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.