തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു.
യുവതികൾ പെരുന്നാൾ ദിവസമാണ് വീട്ടിൽനിന്ന് പോയതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് സംഘം പറഞ്ഞു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. എക്സൈസ് സർക്ക്ൾ ഇൻസ്പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
കഴിഞ്ഞ ദിവസം കിളികൊല്ലൂർ കുറ്റിച്ചിറ ജങ്ഷന് സമീപമുള്ള വീട്ടിൽ തമ്പടിച്ച് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ ആറ് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. അയത്തിൽ ഗാന്ധി നഗറിൽ ചരുവിൽ ബാബു ഭവനിൽ അശ്വിൻ (21), അയത്തിൽ നടയിൽ പടിഞ്ഞാറ്റ്തിൽ വിഷ്ണു ഭവനത്തിൽ കൊച്ചൻ എന്ന അഖിൽ (23), പറക്കുളം വയലിൽ വീട്ടിൽ അൽ അമീൻ (28), കുറ്റിച്ചിറ വയലില്‍ പുത്തൻ വീട്ടിൽ അനീസ് മൻസിലിൽ അനീസ് (23), മുഖത്തല കിഴവൂർ ബ്രോണ വിലാസത്തിൽ അജീഷ് (23), ഇരവിപുരം വലിയമാടം കളരിത്തേക്കത്തിൽ വീട്ടിൽശ്രീരാഗ് (25) എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികളാണിവർ. ഇവരിൽനിന്ന് രണ്ടര ഗ്രാം എം.ഡി.എം.എ, ആറ് സിറിഞ്ചുകൾ, കവറുകൾ, ഡിജിറ്റൽ ത്രാസ്സ് എന്നിവയും പിടികൂടി.
കിളികൊല്ലൂർ കുറ്റിച്ചിറ ജങ്ഷന് സമീപമുള്ള വീട്ടിൽ എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ പൊലീസ് പിടികൂടിയവർ
സിറ്റി പോലീസ് കമീഷണർ കിരൺ നാരായണന് യോദ്ധാവ് അപ്ലിക്കേഷൻ വഴി ലഭിച്ച വിവരമാണ് രഹസ്യ താവളം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. അജീഷ് കൊട്ടിയം സ്റ്റേഷനിലും കിളികൊള്ളൂർ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പിടികിട്ടാനുള്ള പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം തടവ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളുമാണ്.
അനീസും ശ്രീരാഗും ഗുണ്ടാ ആക്ട് പ്രകാരം ജെയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവരും ആറ് വീതം ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. അഖിൽ ഇരവിപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ ജാമ്യത്തിൽ ഇറങ്ങി വ്യവസ്ഥകൾ പ്രകാരം ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആളും അഞ്ച് കേസുകളിലെ പ്രതിയുമാണ്. അൽ അമീനും അശ്വിനും നാല് വീതം കേസുകളിലെ പ്രതികളുമാണെന്ന് പൊലീസ് അറിയിച്ചു. കിളികൊല്ലൂർ എസ്. ഐ ശ്രീജിത്ത്, അഡീഷനൽ എസ്.ഐ വിനോദ്, സിറ്റി ഡാൻസാഫ്റ്റിംഗ് ടീം അംഗങ്ങളായ അനു ആർ നാഥ്, മനു, സജു, സുനിൽ, അനൂപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.