കൊച്ചി: സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ രൂക്ഷമായ ശുദ്ധജലക്ഷാമം നിലനിൽക്കുമ്പോൾ 45,15,453 ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ എത്തിയിട്ടില്ലെന്ന് കണക്കുകൾ. കേരള വാട്ടർ അതോറിറ്റിയുടെ രേഖകൾപ്രകാരം എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകൾ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. വേണ്ടത്ര ജലവിതരണ പദ്ധതികൾ നിലവിലില്ലാത്തതും സ്രോതസ്സുകളിൽ മതിയായ ജലലഭ്യതയില്ലാത്തതുമാണ് ശുദ്ധജലക്ഷാമത്തിന് വഴിവെക്കുന്ന പ്രധാന ഘടകങ്ങൾ.
തിരുവനന്തപുരം ജില്ലയിൽ പ്രധാനമായും രണ്ട് പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതെന്ന് ജലവിഭവ വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, കൊല്ലം ജില്ലയിൽ 26 പ്രാദേശിക മേഖലകൾ, കോട്ടയത്ത് 21ഓളം സ്ഥലങ്ങൾ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലെ ചില ഉയർന്ന പ്രദേശങ്ങളിലാണ് ക്ഷാമം. ആലപ്പുഴയിൽ 35 ശതമാനം സ്ഥലങ്ങളിലും എറണാകുളത്ത് കൊച്ചി കോർപറേഷൻ, ചെല്ലാനം, ചേരാനല്ലൂർ അടക്കം 45 ശതമാനം പ്രദേശങ്ങളിലും കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ഇടുക്കിയിലെ 52 പഞ്ചായത്തിലെ 37 പ്രദേശങ്ങൾ, രണ്ട് മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങൾ എന്നിങ്ങനെയും തൃശൂരിൽ 48 ശതമാനം സ്ഥലങ്ങളിലും ക്ഷാമമുണ്ട്. പാലക്കാട് അട്ടപ്പാടി മേഖലയിലെ ചില പ്രദേശങ്ങളിലാണ് ക്ഷാമം. മലപ്പുറം 13 പ്രദേശങ്ങൾ, കോഴിക്കോട് മൂന്ന് താലൂക്കിലെ ഉയർന്ന പ്രദേശങ്ങൾ, വയനാട് ഒമ്പത് മേഖല, കാസർകോട് എട്ട് സ്ഥലങ്ങൾ എന്നിവിടങ്ങളിലായി കുടിവെള്ളക്ഷാമമുണ്ട്. കണ്ണൂർ ജില്ലയിൽ 25ഓളം പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.
അതേസമയം, കൂടുതൽ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ജൽജീവൻ, വാട്ടർ അതോറിറ്റിയുടെ പദ്ധതികൾ, നബാർഡ് സഹായത്തോടെയുള്ള പദ്ധതികൾ, അമൃത് പദ്ധതി, റീബിൽഡ് കേരള തുടങ്ങിയവയിലൂടെ ഇവിടങ്ങളിൽ വെള്ളമെത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വീടുകളിൽ കുടിവെള്ള കണക്ഷൻ എത്തിക്കാൻ ഏതാനും മാസങ്ങൾക്കുള്ളിൽ കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം 4,33,267
കൊല്ലം 3,82,800
പത്തനംതിട്ട 2,40,660
ആലപ്പുഴ 2,60,000
കോട്ടയം 3,12,427
ഇടുക്കി 2,03,540
എറണാകുളം 2,96,097
തൃശൂർ 3,86,437
പാലക്കാട് 4,04,441
മലപ്പുറം 5,87,792
കോഴിക്കോട് 3,85,014
വയനാട് 1,41,742
കണ്ണൂർ 2,84,908
കാസർകോട് 1,96,328
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.