കോഴിക്കോട് നഗരസഭയുടെ നഗരസഞ്ചയ പദ്ധതിക്കുള്ള 55.32 കോടി ലാപ്സാക്കിയെന്ന് റിപ്പോർട്ട്

കോഴിക്കോട് : നഗരസഞ്ചയ പദ്ധതിക്കുള്ള 55.32 കോടി രൂപ കോഴിക്കോട് നഗരസഭ ലാപ്സാക്കിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2021-22, 2022-23 വർഷങ്ങളിൽ പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിച്ച് കൂടിവെള്ളം ശുചിത്വ-ജലസംരക്ഷണം എന്നീ മേഖലകൾക്കായി നഗര സഞ്ചയം പദ്ധതിയിലൂടെ കോഴിക്കോട് നഗരസഭയിൽ ആവിഷ്‌കരിച്ച 72.2 കോടി രൂപയുടെ 138 പദ്ധതികളാണ്. അതിൽ 49 പദ്ധതികളിലായി 16.88 കോടി രൂപ (23.38 ശതമാനം) ആണ് ചിലവഴിച്ചത്. ബാക്കി 55.32 കോടി രൂപ ലാപ്‌സാക്കിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

2020-21 ൽ കോഴിക്കോട് നഗരസഭയുടെ ഭൂപ്രദേശത്തിന് പുറത്തുള്ള നഗരസഞ്ചയ പ്രദേശത്തിന് വേണ്ടി അനുവദിച്ച 19.51 കോടി രൂപക്ക് 106 പദ്ധതികൾക്ക് അംഗീകാരം നൽകി. അതിൽ എട്ട് പ്രവർത്തികളിലായി 5.39 കോടിരൂപ (27.6 ശതമാനം) മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ഇക്കാര്യം 2021 നവംമ്പർ 18 ന് ചേർന്ന ജില്ല ആസൂത്രണ സമിതി യോഗത്തിൽ ജോയിൻ്റ് പ്ലാനിങ് കമ്മിറ്റി അധ്യക്ഷയായ നഗരസഭ മേയറുടെ ശ്രദ്ധയിൽ പ്പെടുത്തി. എന്നിട്ടും പിന്നീടുള്ള രണ്ടു വർഷങ്ങളിലും നഗര സഞ്ചയ പദ്ധതികൾ ത്വരിതഗതിയിൽ നടപ്പിലാക്കുന്നതിനുള്ള നടപടിളൊന്നും കോഴിക്കോട് നഗരസഭ സ്വീകരിച്ചില്ല.

പതിനഞ്ചാം കേന്ദ്ര ധനകാര്യ കമീഷൻ 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ നഗര സഞ്ചയങ്ങൾക്ക് 2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് വർഷത്തേക്ക് ആകെ 1402 കോടി അനുവദിച്ചിരുന്നു. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം, പൊതുകുള നവീകരണം എന്നീ പ്രവർത്തനങ്ങൾക്കാണ് തുക വകയിരുത്തിയത്.

ധനകാര്യ കമീഷൻ മാർഗരേഖ പ്രകാരം നൽകുന്ന ഗ്രാൻറ് ശുചിത്വം. ഖരമാലിന്യസംസ്‌കരണം. കൂടിവെള്ളം എന്നീ മേഖലകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഗ്രാന്റ് ഉപയോഗിക്കേണ്ടത്. ഈ പദ്ധതിക്കായി അഞ്ച് വർഷത്തേക്കായി 235 കോടി രൂപ അനുവദിച്ചു. 2022 ജനുവരി 21 ന് ചേർന്ന ജോയിൻറ് പ്ലാനിങ് കമ്മിറ്റി അഞ്ചു വർഷത്തേയ്ക്കുള്ള പ്രവർത്തികളുടെ ആക്ഷൻ പ്ലാൻ അംഗീകരിക്കുകയും ചെയ്‌തു. നഗരസഞ്ചയ പ്രദേശത്തെ മുഖ്യ നഗരസഭയായ കോഴിക്കോട് നഗരസഭക്കാണ് ഗ്രാൻ്റ് വകയിരുത്തിയത്.

2021 നവംമ്പർ 24 ലെ ഉത്തരവ് പ്രകാരം പദ്ധതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടതും മാർഗ നിർദേശങ്ങൾ നൽകേണ്ടതും കലക്‌ടറും (മെമ്പർ സെക്രട്ടറി), ജില്ലാ പ്ലാനിങ് ഓഫിസറും (കൺവീനർ) ഉൾപ്പെട്ട സബ്‌കമ്മിറ്റിയാണ്. മുഖ്യ നഗരസഭയുടെ അധ്യക്ഷൻ ചെയർപേഴ്‌സണും സെക്രട്ടറി കൺവീനറുമായ ജോയിൻ്റ് പ്ലാനിങ് കമ്മിറ്റി കൃത്യമായ ഇടവേളകളിൽ നഗരസഞ്ചയ പദ്ധതിയുടെ മോണിട്ടറിങ് നടത്തണം.

അഞ്ച് വർഷങ്ങളിലായി 100 ശതമാനം നടപ്പാക്കേണ്ട നഗര സഞ്ചയ പദ്ധതികളിൽ ആദ്യ രണ്ടു വർഷം പിന്നിടുമ്പോൾ കോഴിക്കോട് നഗരസഭാ പ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി 16.88 ശതമാനം മാത്രമാണ്. നഗരസഭയുടെ ഭൂപ്രദേശത്തിന് പുറത്തുള്ള നഗരസഞ്ചയത്തിൽപ്പെട്ട ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കൈമാറിയ 8.44 കോടി രൂപക്ക് ഏറ്റെടുത്ത പദ്ധതികളുടെ മോണിട്ടറിങ് ജോയിൻ്റ് പ്ലാനിങ് കമ്മിറ്റി നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.

സർക്കാർ ഉത്തരവ് പ്രകാരം പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മുൻഗണന നൽകേണ്ട മേഖലകളിൽ മൂന്നാമതായി പറഞ്ഞിരിക്കുന്നത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ പാരിസ്ഥിതിക ചട്ടങ്ങൾക്ക് അനുസരിച്ച് അടച്ചു പൂട്ടുന്നതിനോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കാത്ത രീതിയിൽ പഴയ ഡംപ് സൈറ്റുകൾ പുനരുദ്ധരിക്കണം. മലിന ജലത്തിൻ്റെ പുനഃചംക്രമണത്തിനും പുനരുപയോഗത്തിനും വേണ്ടതായ പദ്ധതികൾ ഏറ്റെടുക്കണം. എന്നാൽ നഗരസഞ്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി ഏഴിന് ചേർന്ന ജില്ലാ ആസൂത്രണ സമിതി തീരുമാന പ്രകാരം 235 കോടി രൂപ വകയിരുത്തി. നടപ്പാക്കാൻ ലക്ഷ്യമിട്ട 19 പദ്ധതികളൊന്നും മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തി ആവിഷ്‌കരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - 55.32 crore for Kozhikode Municipal Corporation's urban savings project is reported to have lapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.