തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കാനാകാതെ പുറത്തുപോകുന്ന അഞ്ചാമത്തെ വൈസ് ചാൻസലറാണ് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ആദ്യ ടേം പൂർത്തിയാക്കിയ ഗോപിനാഥ് രവീന്ദ്രന് പുനർനിയമന കാലയളവാണ് പൂർത്തിയാക്കാൻ കഴിയാതെ പോയത്.
എം.ജി സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ.എ.വി. ജോർജിനാണ് ആദ്യമായി വി.സി പദവി നഷ്ടമായത്. യോഗ്യതയിൽ സർക്കാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാൻസലറായ ഗവർണറാണ് 2014ൽ ജോർജിനെ പുറത്താക്കിയത്. പിന്നീട് എം.ജിയിൽ വി.സിയായ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം യോഗ്യതയുടെ പേരിൽ ഹൈകോടതി റദ്ദാക്കിയിരുന്നെങ്കിലും സ്റ്റേ സമ്പാദിച്ച് അദ്ദേഹം കാലാവധി പൂർത്തിയാക്കി.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചെറിയ പി. ഐസക് സർക്കാറുമായി ഇടഞ്ഞ് കാലാവധി പൂർത്തിയാക്കും മുമ്പ് 2017 നവംബറിൽ രാജിവെച്ചിരുന്നു. ഇതിനു ശേഷം സാങ്കേതിക സർവകലാശാല വി.സിയായ ഡോ.എം.എസ്. രാജശ്രീയുടെ നിയമനം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ട് 2022 ഒക്ടോബർ 21ന് സുപ്രീംകോടതി റദ്ദാക്കി.
ഫിഷറീസ് (കുഫോസ്) സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. കെ. റിജി ജോണിനും 2022 നവംബറിൽ ഹൈകോടതി വിധിയിലൂടെ പുറത്തുപോകേണ്ടിവന്നു.
ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിൽ പരസ്യ ഏറ്റുമുട്ടലുമുണ്ടായി. നിയമനം ചോദ്യം ചെയ്തെങ്കിലും ഹൈകോടതി ശരിവെക്കുകയായിരുന്നു. വിധി പിന്നീട് ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് മണികുമാറിനെതിരെ ആരോപണമായി ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.