സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.

60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആശുപത്രികളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ പദ്ധതികള്‍ അനുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളുള്ള മാതൃ ശിശു മന്ദിരം പണിയുന്നതിനായി 6.16 കോടി രൂപ അംഗീകാരം നല്‍കി.

കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കുന്നതിനായി 4.70 കോടി വീതം വകയിരുത്തി. കാസര്‍ഗോഡ് ടാറ്റ ആശുപത്രിയില്‍ പുതിയ ഒ.പി, ഐ.പി കെട്ടിടം പണിയുന്നതിന് 4.5 കോടി, മലപ്പുറം ജില്ലയില്‍ സ്‌കില്‍ ലാബ്, ട്രെയിനിങ് സെന്റര്‍ എന്നിവക്കായി 3.33 കോടി, എറണാകുളം ജില്ലയില്‍ പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഒ.പി ബ്ലോക്ക്, കാഷ്വാലിറ്റി എന്നിവ നവീകരിക്കാന്‍ 3.87 കോടി എന്നിങ്ങനേയും അംഗീകാരം നല്‍കി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയഗ്നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താനായി 3 കോടി, ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിമാണത്തിന് 1.70 കോടി, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താന്‍ മൂന്ന് കോടി, മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡ്, വയനാട് വൈത്തിരി ആശുപത്രിയില്‍ ഐപി ബ്ലോക്ക് ശക്തിപ്പെടുത്താന്‍ 1.50 കോടി, ഗൈനക് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് 2.09 കോടി, കണ്ണൂര്‍ പഴയങ്ങാടി ആശുപത്രിയില്‍ കാഷ്വാലിറ്റി ബ്ലോക്കിന് 2.10 കോടി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒപ്പറേഷന്‍ തീയറ്റര്‍ നവീകരിക്കുന്നതിന് 3.11 കോടി എന്നിങ്ങനേയും അംഗീകാരം നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

Tags:    
News Summary - 69.35 crore projects approved for hospital expansion in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.