ചെങ്ങന്നൂർ: അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കവെ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുളക്കുഴ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേതിൽ അമ്മിണി ബാബു(70) വിനാണ് ഇന്ന് രാവിലെ 7.30 ഓടെ വെട്ടേറ്റത്. അടുക്കളയിൽ പാചകംചെയ്തു കൊണ്ടിരിക്കെ ഭർത്താവ് എം.ടി. ബാബു പിറകിലൂടെ വന്ന് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങി ഓടിയതിനാൽ കൂടുതൽ ആക്രമണത്തിൽ നിന്നും ഒഴിവായി.
നിലവിളികേട്ട് അയൽവാസികളെത്തിയാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. അമ്മിണിയുടെ നെറ്റിയുടെ ഇടത്ത് വശത്തും ഇടത്തുകൈയ്ക്കും മുറിവേറ്റിട്ടുണ്ട്. തലക്കടിയും ഏറ്റിട്ടുണ്ട്. ഇവരെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഭർത്താവ് ബാബുവിനെ ചെങ്ങന്നൂർ എസ്.ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. ഇയാൾ കുറേനാളായി മാനസികരോഗത്തിന് ചികിത്സയിലാണന്ന് പൊലീസ് പറഞ്ഞു. അമ്മിണിയും ബാബുവും മാത്രമാണ് വീട്ടിൽ കഴിയുന്നത്. ഏകമകൾ വിദേശത്താണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.