തിരുവനന്തപുരം: നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 70.90 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി (ഇ.എസ്.ഇസഡ്) പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയം കരട് വിജ്ഞാപനമായി. അഗസ്ത്യമല ജൈവസംരക്ഷിത മേഖലയുടെ കേന്ദ്ര ഭാഗവും പെരിയാർ എലഫന്റ് റിസർവിന്റെ ഭാഗവുമാണ് നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾ. 60 ദിവസത്തിനകം പൊതുജനങ്ങൾക്ക് അടക്കം മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാം.
കള്ളിക്കാട്, അമ്പൂരി, വാഴിച്ചാൽ, മണ്ണൂർക്കര, വിതുര പഞ്ചായത്തുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വരുന്നത്. വന്യജീവിസങ്കേതങ്ങളുടെ അതിർത്തി വടക്ക് വാൽവെട്ടി മുതൽ നെയ്യാർ അണക്കെട്ടിന്റെ 2.41 കിലോമീറ്ററോളം നീളുന്നു.
പരുത്തിപ്പള്ളി വനം ഡിവിഷന്റെ കിഴക്കേ അതിര് മുതൽ ചോട്ടുപാറ കടന്ന് കരിമലക്കക്കരി വരെയും നീളും. നെയ്യാറിന്റെയും കരമനയുടെയും നീർത്തടങ്ങളിലൂടെ മാപ്പിമലൈ, കണ്ണൻകുന്ന്, നാച്ചിയാടികുന്ന് മുതൽ അതിരുമലവരെയും വടക്കൻ അതിരുണ്ട്.
കിഴക്ക് അതിരുമല മുതൽ അഗസ്ത്യമലയുടെ അതിരുകളിലൂടെ കടന്ന് വാവട്ടിമല, വരയാട്ടുമുടിയും കടന്ന് വെംഗുലമലവരെ. തെക്ക് വെംഗുമലയിൽ നിന്ന് ആനമുഖം വരെയും ശേഷം നെയ്യാർ അണക്കെട്ട് നിറഞ്ഞ് നിൽക്കുമ്പോൾ വരുന്ന പ്രദേശം വരെ. പടിഞ്ഞാറ് നെയ്യാർ അണക്കെട്ട് മുതൽ തൂറിപാറയിലും കോട്ടൂരിന്റെ ഒരു ഭാഗവും കടന്ന് നെട്ടുകാൽതേരിക്കുന്ന റിസർവ് വനത്തിന്റെ അതിരുകളിലും മ്ലാവെട്ടിവരെയുണ്ട്.
അന്തിമ വിജ്ഞാപനത്തിന് രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ പ്രദേശത്തെ ജനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര, സംസ്ഥാന നിയമത്തിന് അനുസൃതമായി പരിസ്ഥിതിലോല മേഖല സോണൽ മാസ്റ്റർപ്ലാൻ തയാറാക്കണം. മാസ്റ്റർ പ്ലാൻ തയാറാക്കുമ്പോൾ നിലവിലുള്ളതോ അംഗീകരിച്ചതോ ആയ ഭൂ ഉപയോഗത്തിന് ഒരു നിയന്ത്രണവും അടിച്ചേൽപ്പിക്കരുത്. ആരാധനാലയങ്ങൾ, ഗ്രാമ-നഗര കുടിയേറ്റപ്രദേശങ്ങൾ, വനപ്രദേശങ്ങൾ, കൃഷി മേഖല, പാർക്കുകൾ, തുടങ്ങിയവ അടയാളപ്പെടുത്തും.
മേൽനോട്ടസമിതി ശിപാർശ പ്രകാരം പരിസ്ഥിതി ലോല മേഖലയിൽ നിലവിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും വീതികൂട്ടലും പുതിയ റോഡ് നിർമാണം, അടിസ്ഥാന സൗകര്യ വികസന നിർമാണം, നഗരസൗകര്യങ്ങൾ, മലിനീകരണമുണ്ടാക്കാത്ത ചെറുകിട വ്യവസായങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവ അനുവദിക്കും. ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കാനും നിലവിലുള്ളവയുടെ വികസനവും ടൂറിസം മാസ്റ്റർ പ്ലാൻ അനുസരിച്ച് നടപ്പാക്കാമെന്നും വിജ്ഞാപനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.