ഉയംപേരൂരിൽ നടന്ന പരിപാടിയിൽനിന്ന്

ഉദയംപേരൂരിൽ 73 പേർ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു; പാർട്ടി ശിഥിലീകരണത്തിന്‍റെ പാതയിലെന്ന് വി.ഡി. സതീശൻ

കൊച്ചി: ഉദയംപേരൂരിൽ 73 പേർ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു. മുൻ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എൽ. സുരേഷിന്‍റെ നേതൃത്വത്തിലാണ് സി.പി.എം പ്രവർത്തകർ പാർട്ടി വിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽനിന്ന് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു.

ഉൾപ്പാർട്ടി പ്രശ്‌നങ്ങളും സി.പി.ഐയുമായുള്ള അഭിപ്രായഭിന്നതയുംമൂലം പലപ്പോഴും സി.പി.എമ്മിന് തലവേദന സൃഷ്ടിച്ച സ്ഥലമാണ് ഉദയംപേരൂർ. പാർട്ടി വിട്ടവരിൽ എട്ട് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുണ്ട്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നു.

പരിപാടിയിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാറിനെ കടന്നാക്രമിച്ചു. എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയാണെന്നും മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ ആർ.എസ്.എസുമായി ഗൂഢാലോചന നടത്തി. പാർട്ടി തകർന്നെന്ന് ഭരണകക്ഷി എം.എൽ.എ തന്നെ തുറന്നു പറയുന്നു.

സ്വർണം പൊട്ടിക്കലും ഗുണ്ടായിസവും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപകമാണ്. കുറ്റവാളികൾക്ക് സർക്കാർ ജയിലിനകത്തും സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നു. തുടർഭരണം പാർട്ടിക്ക് അഹങ്കാരമായി. ബംഗാളിലെ സ്ഥിതിയാകും ഇവിടെയും. പാർട്ടിക്കാർക്ക് അടി കിട്ടുന്നതാണ് അവിടെ സ്ഥിതി. കേരളത്തിലെ സി.പി.എം ശിഥിലീകരണത്തിന്‍റെ പാതയിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    
News Summary - 73 CPIM Members Switch to Congress at Udayamperur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.